കാനഡ സ്പിരിച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്ട് 2021 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാനഡ സ്പിരിച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന സമ്മര്‍ ക്യാമ്പായ  ഇംപാക്ട് 2021 ഈ വര്‍ഷം ആഗസ്ത് 6 മുതല്‍ 8 വരെ ഒന്റാറിയോയിലെ ഒറീല്ലയില്‍ ബെസ്റ്റ് വെസ്‌റ്റേണ്‍ പ്ലസ് കോണ്‍ഫറന്‍സ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഈ വര്‍ഷം പ്രവേശനം ഉണ്ടാകുകയുള്ളൂ. പാസ്റ്റര്‍ മാര്‍ക്ക് സ്മാല്‍വുഡ് ആണ് മുഖ്യപ്രഭാഷകന്‍. കാനഡ സ്പിരിച്വല്‍ ഗ്രൂപ്പിന്റെ വിവിധ പ്രയര്‍ ഗ്രൂപ്പിലുള്ള യുവജനങ്ങള്‍ വിവിധ സെഷനുകളില്‍ സംഗീത ശുശ്രുഷക്ക് നേതൃത്വം നല്‍കും. ഓഗസ്റ്റ് 6 ന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഓഗസ്റ്റ് 8 ഞായറാഴ്ച രാവിലെ 9 മണിക്ക് സംയുക്ത ആരാധനയോടെ സമാപിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകീട്ട് 6 മണിക്ക് പൊതുസമ്മേളനം ഉണ്ടായിരിക്കും. വചന സന്ദേശങ്ങള്‍, ഗാനശുശ്രൂഷ, ഗ്രൂപ്പ് സെഷനുകള്‍, ടാലന്റ ടൈം, ഗെയിംസ്, മിഷന്‍ ചലഞ്ച് തുടങ്ങിയവ വിവിധ സെഷനുകളില്‍ ഉണ്ടായിരിക്കും. കാനഡ സ്പിരിച്വല്‍ ഗ്രൂപ്പ് ഭാരവാഹികള്‍ ക്യാമ്പിന് നേതൃത്വം നല്‍കും.