പെന്‍സില്‍വാനിയ: ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗില്‍ (ബിം) സര്‍ട്ടിഫിക്കേഷന്‍ പരിശീലനം തുടങ്ങുവാന്‍ ഈസ്റ്റ് സ്റ്റൗട്സ്ബര്‍ഗ് യൂണിവേഴ്സിറ്റി, കൊച്ചി ആസ്ഥാനമായ അഡ്വെന്‍സര്‍ എഞ്ചിനീയറിംഗ് കമ്പനിയുടെ (www.advenser.com) അമേരിക്കയിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തെ ബ്രാഞ്ച് ആയ 'അഡ്വെന്‍സര്‍ ടെക്നോളജി സര്‍വീസസ് ഇന്‍കോര്‍പറേറ്റഡു'മായി ട്രെയിനിങ് കരാറില്‍ ഒപ്പുവച്ചു. ആര്‍ക്കിടെക്ചര്‍, എഞ്ചിനീയറിംഗ്, ഡിസൈന്‍, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യയാണ് ബിം.

ഈ സോഫ്റ്റ് വെയര്‍ വിദ്യയുടെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന നൂതന കണ്ടുപിടുത്തങ്ങള്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികളിലും ഇപ്പോള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരുടെ അറിവ് കൂട്ടുന്നതിനുമായാണ് ഇഎസ്യു ഈ വിദ്യയില്‍ പതിമൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭവുമായി ചേര്‍ന്നത്.

ഏപ്രില്‍ 22 ന് യൂണിവേഴ്സിറ്റിയുടെ ഇന്നോവേഷന്‍ സെന്ററില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ഇഎസ്‌യു പ്രസിഡന്റ് കെന്നെത് ലോങ്ങ് അഡ്വെന്‍സര്‍ ടെക്നോളോജിയുടെ പ്രസിഡന്റ് ബിജു കുര്യാക്കോസ് മറ്റമനയുമായാണ് കരാര്‍ ഒപ്പു വച്ചത്. തദവസരത്തില്‍ ഇഎസ് യു പ്രൊവോസ്റ്റോ ജോ ബ്രൂണോ, ഇക്കണോമിക് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് മേരി ഫ്രാന്‍സെസ് പോസ്റ്റ്പാക്ക്, ഡീന്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് അന്ദ്രാ ബസു ഡയറക്ടര്‍ വില്യം ബെജോറും മറ്റനവധി പ്രൊഫസര്‍മാരും ഉദ്യോഗസ്ഥരും സംബന്ധിച്ചു. അഡ്വെന്‍സറിനെ പ്രതിനിധീകരിച്ചു ഓണ്‍ലൈന്‍ ആയി മാനേജിങ് ഡയറക്ടര്‍ മാത്യൂസണ്‍ കരിംതുരുത്തേല്‍, ഡയറക്ടര്‍മാരായ സിനു തോമസ്, ഹരികൃഷ്ണന്‍ നായര്‍ എന്നിവരും കൊച്ചിയിലെ എഞ്ചിനീയറിംഗ് സെന്ററില്‍ നിന്നും ജനറല്‍ മാനേജര്‍ അശ്വിന്‍ നായരോടൊപ്പം എല്ലാ ബിസിനസ് യൂണിറ്റ് മാനേജര്‍മാരും, പ്രൊജക്റ്റ് മാനേജര്‍മാരും, അമേരിക്കയിലെ പ്രൊജക്റ്റ് മാനേജര്‍ നവീന്‍ ജോണും, ഓഫീസ് കോര്‍ഡിനേറ്റര്‍ സാന്‍ഡി ഹെംഫിലും നേരിട്ടും പങ്കെടുത്തു. 

പെന്‍സില്‍വാനിയ സംസ്ഥാനത്തിന്റെ ഡിപ്പാര്‍ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ആന്‍ഡ് ഇക്കണോമിക് ഡെവലപ്മെന്റ് ഡെപ്യൂട്ടി സെക്രട്ടറി ഡേവിഡ് ബ്രിയേല്‍, നേരിട്ടും ഡിപ്പാര്‍ട്മെന്റിന്റെ ഇന്ത്യന്‍ പ്രതിനിധികളായ സുഷമ കണേട്കറും, സുപ്രിയ കണേട്കറും ഓണ്‍ലൈന്‍ ആയും സംബന്ധിച്ചു.

കൊച്ചി കാക്കനാട്ടുള്ള സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ 250 ലേറെ ജോലിക്കാരുമായി ഡിസൈന്‍ പുറം കരാര്‍ ജോലികളിലേര്‍പ്പെട്ടിരിക്കുന്ന അഡ്വെന്‍സറിനു 'ട്രെവോസ്' പെന്‍സില്‍വാനിയ, ദുബായ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്. ബിം ടെക്നോളജിയില്‍ നൂതന സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ള ഈ കമ്പനി അമേരിക്കയില്‍ പുതുതലമുറയെ ഇതു ബോധ്യപ്പെടുത്തുന്നതിനും ഈ മേഖലയിലെ തൊഴില്‍ സാധ്യതയിലേക്ക് ആകര്‍ഷിക്കുന്നതിനുമുള്ള എളിയ സംരംഭമായിട്ടാണ് ഇഎസ്‌യുവുമായി കൈകോര്‍ത്തിട്ടുള്ളത്. 

'ഈ കരാര്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് ബിം സെര്‍റ്റിഫിക്കേഷന്‍ എടുത്തു ജോലി സാധ്യത വര്‍ധി പ്പിക്കാനുതകുമെന്നും പെന്‍സില്‍വാനിയ സ്റ്റേറ്റിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ആന്‍ഡ് ഇക്കണോമിക് ഡെവലപ്മെന്റിനു ഇതില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു' എന്ന് ഡെപ്യൂട്ടി സെക്രട്ടറി ഡേവിഡ് ബ്രിയേല്‍ പറഞ്ഞു.

''ബിം ലാബിന്റെ തുടക്കം രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം ലഭിച്ച യുവത്വത്തെ സൃഷ്ടിക്കുമെന്നും അതു ഇഎസ് യുവിന്റെ ക്ലാസ്സ്മുറികളില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചും വ്യവസായലോകത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചും നല്കാനാവുമെന്നതില്‍ അഭിമാനിക്കുന്നവെന്ന് ഇ എസ് യു പ്രസിഡന്റ് കെന്നെത് ലോങ്ങ് പറഞ്ഞു.

''ഇഎസ്‌യുമായുണ്ടാക്കിയ ഈ കരാറില്‍ അഡ്വെന്‍സര്‍ അഭിമാനിക്കുന്നു എന്നും, ഇത്തരം ട്രെയിനിങ്ങിലൂടെ പുതുതലമുറയെ ബിം സാങ്കേതിക വിദ്യയിലേക്ക് ആകര്‍ഷിക്കാനാകുമെന്നു ഉറപ്പുണ്ടെന്നും ജോലിയിലിരിക്കെ ലഭിക്കേണ്ട നൂതന സാങ്കേതിക വിദ്യയുമായിട്ടുള്ള പരിചയം എളുപ്പമാക്കുമെന്നും' അഡ്വെന്‍സര്‍ ടെക്നോളോജിയുടെ പ്രസിഡന്റ് ബിജു കുര്യാക്കോസ് മറ്റമന പറഞ്ഞു.

''ഈ കരാര്‍ ഇഎസ്‌യുവിന്റെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡിപ്പാര്‍ട്‌മെന്റുകള്‍ക്കും ബിം സാങ്കേതിക വിദ്യയില്‍ പരിചയം ലഭിക്കാന്‍ ഇടയാക്കുമെന്ന് പ്രൊവോസ്റ്റോ 'ജോ ബ്രൂണോ പറഞ്ഞു.

എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞവര്‍ക്കും ഡിസൈന്‍ ഡ്രോയിങ്ങുകളില്‍ താല്പര്യമുള്ളവര്‍ക്കും അനുയോജ്യമായ രണ്ടു മുതല്‍ മൂന്നു മാസം വരെ നീണ്ടുനില്‍ക്കുന്ന അഞ്ചു വിവിധതരം പാഠ്യപദ്ധതിയിലൂടെ നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം ട്രെയിനിങ് കൊടുക്കാനാവുമെന്ന് പ്രതീക്ഷിക്കുന്ന ഈ പരിശീലന പരിപാടി ജൂലൈ 2021 മുതല്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

ജോയിച്ചന്‍ പുതുക്കുളം