ഓസ്റ്റിന്‍: ടെക്‌സാസ് അതിര്‍ത്തിപ്രദേശങ്ങളില്‍ കഴിയുന്നവരുടെ ജീവിനുപോലും ഭീഷണിയുയര്‍ത്തുംവിധം അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിന് അടിയന്തിരമായി ഫെഡറല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട് പ്രസിഡന്റ് ബൈഡന് കത്തയച്ചു.

അതിര്‍ത്തി സുരക്ഷ സേനക്കും കുതിരപ്പടയാളികള്‍ക്കും നിയന്ത്രിക്കാനാവാത്തവിധം അഭയാര്‍ത്ഥി പ്രവാഹം വല്‍വര്‍ഡെ കൗണ്ടിയിലുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്നുവെന്നും കോവിഡ് ഉള്‍പ്പെടെയുള്ള രോഗവ്യാപനത്തിന് ഇടയാക്കുന്നുവെന്നും ബൈഡന് അയച്ച കത്തില്‍ ഏബര്‍ട്ട് ചൂണ്ടിക്കാട്ടി.

ഡെല്‍ റിയൊ ബ്രിഡ്ജിനടിയില്‍ നിന്നും 6000 ത്തില്‍പരം ഹെയ്ത്തി അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ നീക്കം ചെയ്തതായി യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി സെക്രട്ടറി അലജാന്‍ഡ്രൊ മേയര്‍ക്കാസ് അറിയിച്ചു. 600 ഹോം സെക്യൂരിറ്റി ജീവനക്കാരെ ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി. 

ടെക്‌സാസ് മെക്‌സിക്കോ അതിര്‍ത്തി പ്രശ്‌നം വളരെ ഗുരുതരമാണെന്ന് ബൈഡനും സമ്മതിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവേശിക്കുന്നവരെ തിരിച്ചയക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായി ബൈഡന്‍ ഭരണകൂടം അറിയിച്ചു. അതേസമയം ടെക്‌സാസ് അതിര്‍ത്തിയുടെ സംരക്ഷണത്തിനായി 1.8 ബില്യണ്‍ ഡോളറിന്റെ അധികചെലവിനുള്ള ബില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട് അടിയന്തിരമായി ഒപ്പുവെച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍