അരിസോണ: കോവിഡ്19 മഹാമാരിയില്‍ മാലാഖമാരായി മാറിയ നഴ്‌സുമാരുടെ സേവനം സംസ്ഥാന അതിര്‍ത്തികള്‍ കടന്ന് അരിസോണയിലേക്ക്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തുവിടുന്നത്. അരിസോണ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 4000 ത്തിലധികം കോവിഡ്19 രോഗികളെ പരിചരിക്കുന്നതിനാണ് സംസ്ഥാനത്തിന്റെ പുറത്തുനിന്നും 600 നഴ്‌സുമാര്‍ ഇവിടെയെത്തുന്നത്.

അരിസോണ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വിസിന്റ് ഇന്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ക്രിട്ടിക്കള്‍ സര്‍ജിക്കല്‍ മെഡിക്കല്‍ നഴ്‌സുമാരെ സംസ്ഥാനത്തേക്ക് റിക്രൂട്ട് ചെയ്യുന്നത്.

വിവിധ ആശുപത്രികളില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ ഫില്ല് ചെയ്യുന്നതിനാണ് തത്കാലം ആറാഴ്ചയിലേക്ക് ഇവരുടെ സേവനം പ്രയോജനപ്പെടുത്തുക.

വ്യാഴാഴ്ച മാത്രം അരിസോണയില്‍ 3529 കോവിഡ്19 കേസുകളും 58 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്താകമാനം ഇതുവരെ 134613 കോവിഡ്19 കേസുകളും 2492 മരണവും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ പ്രതിദിനം 50 മരണത്തിലധികമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

കൊറോണ വൈറസ് പരിശോധന വര്‍ദ്ധിപ്പിച്ചതാണ് കൂടുതല്‍ രോഗികളെ കണ്ടെത്തുന്നതിനു കാരണമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു. വൈറസിന്റെ വ്യാപനം തടയുന്നതിന് സോഷ്യല്‍ ഡിസ്റ്റന്‍സിംഗും ഫെയ്‌സ് മാസ്‌കും, സാനിറ്റൈസര്‍ ഉപയോഗവും തുടരണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍