ന്യൂസമ്മര്‍ഫീല്‍ഡ്: ഈസ്റ്റ് ടെക്‌സാസില്‍ ബുധനാഴ്ച രാവിലെ വീടിനുള്ളില്‍ നാലുപേര്‍ വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂലായ് 20 ന് രാവിലെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. അന്വേഷണത്തില്‍ മൂന്ന് പേര്‍ മൊബൈല്‍ ഹോമിനകത്തും ഒരാള്‍ ഡ്രൈവ് വെയിലും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഇരകളില്‍ ഒരാളുടെ വാഹനം മോഷ്ടിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

ആയുധധാരികളാണെന്നും ജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി പോലീസ് പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു. ബുധനാഴ്ച രാത്രി തന്നെ കൊലപാതകത്തില്‍ പങ്കുള്ളവരെന്ന് കരുതുന്ന മൂന്നുപേരെയും അനിഷ്ടസംഭവങ്ങള്‍ ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്തു.

വിഫലമായ മോഷണ ശ്രമത്തിനിടയിലാണ് രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടത്. ജോണ്‍ ക്ലിന്റണ്‍(18), അമാന്റാ ബെയ്ന്‍ (39), എമി ഹിക്കി(39), ജെഫ് ജറിയ (47) എന്നിവരാണ് കൊല്ലപ്പെട്ടവര്‍.

ജസ്സി പൊളോസ്‌കി (20), ഡൈലന്‍ വെല്‍ച്ച് (21), ബില്ലി ഫിലിപ്‌സ് (37) എന്നിവരാണ് അറസ്റ്റിലായവര്‍. ഇവര്‍ മയക്കുമരുന്നിന് അടിമകളാണെന്നും ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. മൂവരെയും ചെറോക്കി കൗണ്ടി ജയിലിലടച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍