ഡാലസ്: ഫോര്‍ട്ട് വര്‍ത്ത് സിറ്റിയുടെ പടിഞ്ഞാറെ ഭാഗത്തുണ്ടായിരുന്ന ഡംപ്‌സ്റ്ററില്‍ കത്തിക്കൊണ്ടിരുന്ന മാലിന്യകൂമ്പാരത്തില്‍ നിന്നും ശരീരഭാഗങ്ങള്‍ അറുത്തു മാറ്റപ്പെട്ട നിലയില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഫോര്‍ട്ട് വര്‍ത്ത് പോലീസ് സെപ്റ്റംബര്‍ 24 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ബോണി ഡ്രൈവിലുള്ള ഡംപ്സ്റ്ററില്‍ തീ ആളിപ്പടരുന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇതില്‍ 42 വയസുള്ള ഡേവിഡ് ല്യൂറാസിന്റെ മൃതദേഹം പോലീസ് തിരിച്ചറിഞ്ഞു. നീണ്ട ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് ഡേവിഡ് എന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഒരു കുട്ടിയുടെയും വനിതയുടെയുമാണ് മറ്റു രണ്ടു മൃതദേഹങ്ങള്‍. ഇവരെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ അറുത്തുമാറ്റപ്പെട്ട മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെത്താനായിട്ടില്ല. സംഭവത്തെക്കുറിച്ച് അറിയാവുന്നവര്‍ ഡിറ്റക്ടീവ് എംബാറന്‍(8173924339). ഡിറ്റക്ടീവ് ഔബ്രയാന്‍(8173924330) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഫോര്‍ട്ട് വര്‍ത്ത് പോലീസ് അഭ്യര്‍ത്ഥിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍