ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി അമേരിക്കയില്‍ ആരംഭിച്ചതിനുശേഷം മാനസിക ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായി സി.ഡി.സി.യുടെ പുതിയ പഠനത്തില്‍ പറയുന്നു. അമേരിക്കന്‍ ജനതയുടെ അഞ്ചില്‍ ഒരാള്‍ വീതം മാനസിക രോഗത്തിന് ചികിത്സ തേടുന്നതായും മരുന്നുകള്‍ കഴിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കയില്‍ കഴിഞ്ഞ 8 മാസത്തിനുള്ളില്‍ മെന്റല്‍ ഹെല്‍ത്ത് പ്രിസ്‌ക്രിപ്ഷന്‍ 6.5 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. പതിനെട്ടു സംസ്ഥാനങ്ങളില്‍ 10 മുതല്‍ 20 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

സൗത്ത് കരോലിന കോണ്‍വെ മെന്റല്‍ ഹെല്‍ത്തിലെ സൈക്കോളജിസ്റ്റുകള്‍ വിവിധ പ്രായത്തിലുള്ള മാനസിക രോഗികളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സിച്ചുവരുന്നു. വിദ്യാഭ്യാസ രീതിയില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുട്ടികളും, മാതാപിതാക്കളും, സാമ്പത്തിക ബുദ്ധിമുട്ടുമൂലവും ജോലി നഷ്ടപ്പെട്ടതിനെതുടര്‍ന്നും മാനസിക സമ്മര്‍ദ്ധത്തിലായവരും ഇവിടെ ചികിത്സ തേടി എത്തുന്നു.

കോവിഡ്19 നെ അതിജീവിച്ചവരില്‍ നിരവധി പേര്‍ക്ക് ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് കണ്ടുവരുന്നുവെന്ന മറ്റൊരു സത്യംകൂടി ഈ ഡാറ്റയില്‍ കണ്ടെത്തിയിട്ടുണ്ട്.

പാന്‍ഡമിക്ക് ഇനിയും നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഭാവി തലമുറയുടെ മാനസികാവസ്ഥയെ അത് കാര്യമായി ബാധിക്കും. കൗണ്‍സിലിംഗും മെന്റല്‍ ഹെല്‍ത്ത് ഇവാലുവേഷനും മാത്രമേ ഇതിന് പ്രതിവിധിയായിട്ടുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍