അയോവ: പൊതുതിരഞ്ഞെടുപ്പിനുശേഷം ആദ്യമായി അയോവ സംസ്ഥാനം സന്ദര്‍ശിക്കുന്ന ട്രംപിന് ആവേശോജ്ജ്വലമായ സ്വീകരണം. ട്രംപിന്റെ തിരിച്ചുവരവ് പ്രഖ്യാപിക്കുന്ന റാലി ഒക്ടോബര്‍ 9 ന് വൈകീട്ട് അയോവയില്‍ സംഘടിപ്പിച്ചു.

ഫെയര്‍ ഗ്രൗണ്ടില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ അമേരിക്ക തിരിച്ചുപിടിക്കാന്‍ നാം തയ്യാറായിക്കഴിഞ്ഞതായും 2022 ല്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ അയോവയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്‍ വിജയം നേടുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

പ്രസിഡന്റ് ബൈഡന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. പരിപൂര്‍ണ നാശത്തിന്റെ അതിര്‍വരമ്പില്‍ അമേരിക്ക എത്തി നില്‍ക്കുകയാണ്. ഇതിനുത്തരവാദി ബൈഡനല്ലാതെ മറ്റാരുമല്ല ട്രംപ് പറഞ്ഞു. കോവിഡ്19 മഹാമാരി അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം, തിരക്ക് പിടിച്ച് സ്വീകരിച്ച ചില ആഭ്യന്തരനിയമനിര്‍മാണം എന്നിവ അമേരിക്കയുടെ യശസ്സ് തകര്‍ത്തിരിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. അഭയാര്‍ത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലും ബൈഡന്‍ പരാജയപ്പെട്ടു. ട്രംപ് പറഞ്ഞു.

വൈകീട്ട് 5.30 ന് ഫെയര്‍ ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്ന ട്രംപിനെ റിപ്പബ്ലിക്കന്‍ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. അയോവയില്‍ ട്രംപിന്റെ ജനസമ്മിതി 53 ശതമാനമായി ഉയര്‍ന്നപ്പോള്‍ ബൈഡന്‍ 31 ശതമാനം മാത്രമാണുള്ളത്.

ട്രംപിന്റെ 2024 ലെ സ്ഥാനാര്‍ത്ഥിത്വം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതിനുള്ള അടവുകളാണ് ട്രംപ് ഇപ്പോള്‍ പയറ്റുന്നത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍