പുലാമന്തോൾ: അമേരിക്കയിലെ മിനസോട്ട സംസ്ഥാനത്തിലെ ഈഡൻ പ്രയറി സിറ്റി കൗൺസിലിലേക്ക് പി.ജി. നാരായണൻ മത്സരിക്കാനൊരുങ്ങുമ്പോൾ പാലൂരിലെ സുഹൃത്തുക്കൾക്ക് അഭിമാനം. അമേരിക്കയിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ മൂന്നിന് നടക്കുന്ന കൗൺസിൽ തിരഞ്ഞെടുപ്പിലാണ് നാരായണൻ മത്സരിക്കുന്നത്.

തൃശ്ശൂർ കോളങ്ങാട്ടുകര സ്വദേശിയായ നാരായണൻ (66) ആറാം ക്ലാസുമുതൽ 10-വരെ പുലാമന്തോൾ ഗവ. ഹൈസ്കൂളിലാണ് പഠിച്ചത്. അഞ്ചാംക്ലാസ്‌ കഴിഞ്ഞപ്പോൾ ബന്ധത്തിൽപ്പെട്ട അവുഞ്ഞിക്കാട് മന വീട്ടുകാർ പുലാമന്തോളിലേക്ക് കൊണ്ടുവരികയായിരുന്നു. ഹംസ പാലൂർ, എ.എം. മുരളി, ടി.കെ. രാജൻ തുടങ്ങിയ സഹപാഠികളുമായുള്ള സൗഹൃദം ഇന്നും സമ്പന്നമാണ്.

സ്കൂൾ പഠനം കഴിഞ്ഞ് അമേരിക്കയിലെ സഹോദരിയുടെ അടുക്കലേക്കെത്തുമ്പോൾ 18 വയസ്സായിരുന്നു. അവിടെ കമ്യൂണിറ്റി കോളേജിൽ ചേർന്നു. മിനസോട്ടയിലെ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ്, സിററി മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ, സിററി അസിസ്റ്റന്റ്‌ കമ്മിഷണർ ഒാഫ് ടെക്നോളജി എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ-ഇന്ദിര. മക്കൾ-സുനോജ്, മനോജ്. ഇപ്പോൾ ഈഡൻ പ്രയറിൽ മകനുമൊന്നിച്ച് സ്റ്റാർട്ട് അപ് കമ്പനി നടത്തുകയാണ് നാരായണൻ.