ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും വായനക്കാരുടേയും നിരൂപകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം സമവായത്തിലൂടെ പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. സെപ്തംബര്‍ 24-ാം തീയതി നിലവിലെ പ്രസിഡന്റ് മാത്യു നെല്ലിക്കുന്നിന്റെ അദ്ധ്യക്ഷതയില്‍ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. 

ഗ്രെയിറ്റര്‍ ഹ്യസ്റ്റനിലും, പരിസരങ്ങളിലും ഒരാഴ്ചയോളം നീണ്ടുനിന്ന ഹാര്‍വി ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും ശേഷം കൂടിയ ആദ്യ കേരള റൈറ്റേഴ്‌സ് ഫോറം മീറ്റിംഗ് ആയിരുന്നു ഇത്. കേരള ഹൗസും ഓഡിറ്റോറിയവും വെള്ളപ്പൊക്കത്തില്‍ കാര്യമായ കേടുപാടുകളില്ലാത്ത രക്ഷപ്പെട്ടിരുന്നു. 

കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് ഡോക്ടര്‍ സണ്ണി ഏഴുമറ്റൂര്‍ പ്രസിഡന്റ്, ഡോക്ടര്‍ മാത്യു വൈരമണ്‍ സെക്രട്ടറി, മാത്യു മത്തായി ട്രഷറര്‍ എന്നിങ്ങനെ എതിരില്ലാതെ തെരഞ്ഞെടുപ്പു നടത്തി.

തുടര്‍ന്ന്  പ്രതിമാസ  സാഹിത്യസമ്മേളനം നടത്തി. ജോണ്‍ മാത്യു മോഡറേറ്ററായി പ്രവര്‍ത്തിച്ചു. അമേരിക്കയിലേക്കും വിവിധ രാജ്യങ്ങളിലേക്കുമുള്ള നിയമാനുസൃതവും, അനധികൃതവുമായ കുടിയേറ്റങ്ങളേയും, അതിലെ മാനുഷിക പ്രശ്‌നങ്ങളേയും, ഭീകര പ്രവര്‍ത്തനങ്ങളേയും ഒക്കെ ആധാരമാക്കി ജോണ്‍ കുന്തറ പ്രബന്ധമവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്തു. 

ജാസഫ് തച്ചാറയുടെ ''മണിപ്രവാളം'' എന്ന കഥയായിരുന്നു അടുത്ത ഇനം. കഥാകൃത്തിന്റെ കഥാ പാരായണത്തിനുശേഷം കഥയെക്കുറിച്ചുള്ള വിശദമായ ആസ്വാദന ചര്‍ച്ച നടന്നു. 

ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മലയാളസാഹിത്യപ്രവര്‍ത്തകരായ മാത്യു നെല്ലിക്കുന്ന്, ഡോക്ടര്‍ സണ്ണി ഏഴുമറ്റൂര്‍, ജോണ്‍ മാത്യു, ഡോക്ടര്‍ മാത്യു വൈരമണ്‍, എ.സി. ജോര്‍ജ്ജ്, ടോം വിരിപ്പന്‍, ബാബു കുരവക്കല്‍, ടി.എന്‍. സാമുവല്‍, ജോണ്‍ കുന്തറ, മാത്യു മത്തായി, ഈശൊ ജേക്കബ്, ദേവരാജ് കാരാവള്ളി, സലീം അറയ്ക്കല്‍, ഇന്ദ്രജിത്ത് നായര്‍, നയിനാന്‍ മാത്തുള്ള, ശങ്കരന്‍കുട്ടി പിള്ള, മോട്ടി മാത്യു, ജോര്‍ജ്ജ് ടൈറ്റസ്, ജോസഫ് തച്ചാറ, മേരി കുരവക്കല്‍, ഗ്രേസി നെല്ലിക്കുന്ന്, വല്‍സന്‍ മഠത്തിപ്പറമ്പില്‍, അന്ന മാത്യു, കുര്യന്‍ മ്യാലില്‍, ബോബി മാത്യു, ജോസ് കുര്യന്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  

വാര്‍ത്ത അയച്ചത് - എസി ജോര്‍ജ്ജ്‌