ഒട്ടോവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി കാനഡയിലെ പുതിയ കുടിയേറ്റ നിയമം. കനേഡിയന്‍ ക്യാമ്പസുകളില്‍ നിന്ന്‌ ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന സമര്‍ത്ഥരായ വിദേശ വിദ്യാര്‍ത്ഥികളെ കാനഡയില്‍ തന്നെ സ്ഥിരതാമസക്കാരാക്കാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ഭാഗം ഇന്ത്യക്കാരണെന്നിരിക്കെ അവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് പുതിയ ഭേദഗതി.

ഈ മാസം 18 മുതലാണ് പുതിയ കുടിയേറ്റ-പൗരത്വ നിയമം കാനഡയില്‍ നിലവില്‍ വരിക. കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ 14 ശതമാനമാണ് ഇന്ത്യക്കാര്‍. ഏറ്റവും കൂടുതലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നില്‍  രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളെ പൗരത്വത്തിന് പരിഗണിക്കുന്നതിനായി സമഗ്ര റാങ്കിങ് രീതിയും നടപ്പിലാക്കും.

2004-2005 കാലത്തെ അപേക്ഷിച്ച് 2013-14 ലിലേക്ക് എത്തുമ്പോള്‍ കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 88 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ 11 ശതമാനത്തോളം കാനേഡിയന്‍ ക്യാമ്പസുകളിലാണ് പഠിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണം 66,000 ല്‍ നിന്ന് ഒരു ദശകം കൊണ്ട് 1,24,000 ലേക്ക് എത്തുകയും ചെയ്തു.

കുടിയേറ്റ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സ്ഥിരമായി മാറ്റങ്ങള്‍ കൊണ്ടു വരുന്നുണ്ടെന്നും ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ച്  മധ്യവര്‍ഗത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുമെന്നും കനേഡിയന്‍ എമിഗ്രേഷന്‍ വകുപ്പ് അധികൃതര്‍ പുതിയ നിയമത്തെ കുറിച്ചുള്ള പ്രസ്താവനയില്‍ പറഞ്ഞു.