ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പിക്‌നിക് ആഘോഷിച്ചു. ഫൗണ്ടന്‍വാലി സിറ്റിയിലുള്ള 'മൈല്‍ സ്‌ക്വയര്‍ പാര്‍ക്കില്‍' നടത്തിയ പിക്‌നിക്കില്‍ ഇടവകാംഗങ്ങള്‍ കുടുംബ സമേതം പങ്കെടുത്തു. 

ഫൊറോനാ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍ എന്നിവര്‍ പിക്‌നിക്കിനു നേതൃത്വം നല്‍കി. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, കസേരകളി, ബലൂണ്‍കളി, ചാക്കില്‍ഓട്ടം തുടങ്ങി വിവിധ ഇനം മത്സരങ്ങളുണ്ടായിരുന്നു. കായിക മത്സരങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചത് ജിമ്മി കീഴാരവും  കുഞ്ഞുമോനുമാണ്. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും ഫാ.ഇമ്മാനുവേല്‍ മടുക്കക്കുഴി വിതരണം ചെയ്തു. 

വിവിധതരത്തിലുള്ള ബാര്‍ബിക്യൂ ഭക്ഷണത്തോടൊപ്പം സസ്യേതര ഭക്ഷണങ്ങളും തയാറാക്കിയത് ബിജു ജോര്‍ജ്, മാത്യു കൊച്ചുപുരയ്ക്കല്‍, ടോമി പുല്ലാപ്പള്ളി, ജോസുകുട്ടി പാമ്പാടി എന്നിവരുടെ നേതൃത്വത്തിലാണ്. 

തടാകത്തിലൂടെയുള്ള ബോട്ട് യാത്രയും പാര്‍ക്കിലെ സൈക്കിള്‍ സവാരിയും മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു. രാജു അബ്രഹാം, മാത്യു തോമസ് (കുഞ്ഞുമോന്‍), ജോസഫ് ചാക്കോ, സിബി ജോസഫ്, സ്‌പൈസ് ഏഷ്യ, ബെന്നി പീറ്റര്‍ എന്നിവര്‍ പിക്‌നിക്കിന്റെ സ്‌പോണ്‍സര്‍മാരായിരുന്നു. 

ജോയിച്ചന്‍ പുതുക്കുളം