ഈസ്റ്റ് ആഫ്രിക്ക: ടാന്‍സാനിയയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ കലാമണ്ഡലം ടാന്‍സാനിയ ഈ വര്‍ഷത്തെ കേരളപ്പിറവി ആഘോഷങ്ങള്‍ ദാര്‍ എസ സലാമിലെ പട്ടേല്‍ സമാജ് ഹാളില്‍ നടത്തി. 
 
കേരളത്തിന്റെ ചരിത്രവും, സംസ്‌കാരവും, കൃഷിയും, ശീലങ്ങളുമെല്ലാം പുതുതലമുറക്കായി കാഴ്ച വെക്കുന്ന പ്രദര്‍ശനം ഹാളിനു പുറത്തു ഒരുക്കിയാണ് കലാമണ്ഡലം ഏവരെയും സ്വാഗതം ചെയ്തത്. കേരളത്തിന്റെ തനതായ കാര്‍ഷിക വിഭവങ്ങളും, ആയുര്‍വേദവും, ഔഷധച്ചെടികളും, മത സാമൂഹിക ആചാരങ്ങളും എല്ലാവര്‍ക്കും പുത്തന്‍ അനുഭവമായി.

കേരളത്തില്‍ നിന്നും നാടന്‍ പാട്ടുകളായി ആദ്യമായി ആഫ്രിക്കന്‍ കരയിലെത്തിയ താവം ഗ്രാമ വേദി അവതരിപ്പിച്ച 'നാട്ടറിവ് പാട്ടുകള്‍' എന്ന നാടന്‍ പാട്ടുകളുടെ മനോഹരമായ  അവതരണമായിരുന്നു ഈ വര്‍ഷത്തെ കേരളപ്പിറവി ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണം. ആഫ്രിക്കയിലെ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നിന്നുള്ള നാടന്‍പാട്ടു കലാകാരന്മാരുടെ ഈ സാന്നിധ്യവും അവരുടെ അവര്‍ണനീയമായ അവതരണവും ടാന്‍സാനിയന്‍  മലയാളികളുടെ ഹൃദയത്തില്‍ എന്നേക്കും സ്ഥാനം പിടിച്ചു.

വാര്‍ത്ത അയച്ചത് : മനോജ് കുമാര്‍