Srikumar Menon
ശ്രീകുമാര്‍ മേനോന്‍

രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദം ദൃഢപ്പെടുത്തുന്നതില്‍ ദക്ഷിണ സുഡാനിലെ മലയാളി അംബാസിഡര്‍ ശ്രീകുമാര്‍ മേനോന് പ്രത്യേക പ്രശംസ. 

അഞ്ച് വര്‍ഷം മാത്രം പ്രായമുള്ള ലോകരാഷ്ട്രമാണ് ദക്ഷിണ സുഡാന്‍. പാലക്കാട് സ്വദേശിയായ ശ്രീകുമാര്‍ മേനോന്‍ അവിടെ ഇന്ത്യന്‍ സ്ഥാനപതിയായി അഞ്ച് മാസങ്ങള്‍ക്കുമുമ്പാണ് ചുമതലയേറ്റത്.

ദക്ഷിണ സുഡാനിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിരവധി മലയാളികളുമുണ്ട്. വിവിധ വ്യവസായസ്ഥാപനങ്ങളില്‍ അവര്‍ തൊഴിലെടുക്കുന്നു.

ദക്ഷിണ സുഡാനില്‍ ഈയിടെ പ്രാമുഖ്യം ലഭിച്ചത് മെഡിക്കല്‍ ക്യാമ്പുകള്‍ക്കാണ്. ഇന്ത്യന്‍ അസോസിയേഷനാണ് അതിന് മുന്‍കൈ എടുക്കുന്നത്. നാട്ടുകാര്‍ക്ക് വേണ്ടി ഈ ക്യാമ്പുകള്‍ നടത്തുന്നത് അവിടത്തെ ആരോഗ്യമന്ത്രിയുടെ പ്രത്യേക പ്രശംസനേടിയെടുത്തു. 

രക്തദാനക്യാമ്പുകളും സ്ഥിരമായി നടത്തുന്നു. അടിയന്തിരഘട്ടങ്ങളില്‍ ആസ്പത്രികളില്‍ രക്തം നല്‍കാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ തയ്യാറാണ്.

ഇന്ത്യന്‍ അസോസിയേഷന്‍ ഇങ്ങനെയുള്ള സാമൂഹിക സേവനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നത് ശ്രീകുമാര്‍ മേനോന്റെ പ്രത്യേക താല്‍പ്പര്യം അനുസരിച്ചാണ്. 

South Sudan, Naredra Modi
2015 ഒക്ടോബറില്‍ ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണ സുഡാന്‍ പ്രസിഡന്റ് ജനറല്‍ സാല്‍വെ കിര്‍ മയാര്‍ ദിത്തിനെ ന്യൂഡല്‍ഹിയില്‍ സ്വീകരിച്ചപ്പോള്‍. 

 

കഴിഞ്ഞ ഒക്ടോബര്‍ 26 മുതല്‍ 29 വരെ ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയില്‍ ദക്ഷിണ സുഡാന്‍ പ്രസിഡന്റ് ജനറല്‍ സാല്‍വെ കിര്‍ മയാര്‍ ദിത്തും ഒരു സംഘം ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചകോടിയില്‍ ശ്രീകുമാര്‍ മേനോനും പങ്കെടുത്തു.

ആഫ്രിക്കയിലെ 54 രാഷ്ട്രങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള സൗഹൃദം ദൃഢപ്പെടുത്താന്‍ ഈ ഉച്ചകോടിക്ക് കഴിയട്ടെ എന്ന് പ്രധാനമന്ത്രി മോദി ആശംസിച്ചു.