നെയ്‌റോബി: നെയ്‌റോബിയിലെ ശ്രീ അയ്യപ്പ ക്ഷേത്രം വിപുലമായ പരിപാടികളോടെ 14-ാം തിരുഉത്സവം 29 വരെ ആഘോഷിച്ചു. നാല് ദിവസം നീണ്ടു നിന്ന പരിപാടികള്‍ക്കായി കേരളത്തില്‍ നിന്നുമുള്ള കലാകാരന്മാരും പൂജകള്‍ക്ക് നേതൃത്വം നല്‍കാനായി തന്ത്രികളും എത്തിയിരുന്നു. പ്രതാപ് കുമാര്‍ (ചെയര്‍മാന്‍), രാജേന്ദ്ര പ്രസാദ് (സെക്രട്ടറി), ശിവദാസ് (വൈസ് ചെയര്‍മാന്‍), സോമദാസ് (വൈസ് ചെയര്‍മാന്‍), രാധാകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തിരുഉത്സവത്തിനു ചുക്കാന്‍ പിടിച്ചത്. വിജി ഗോപകുമാര്‍, ലത ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ലേഡീസ് വിംഗ്  എല്ലാവിധ സഹായസഹകരണങ്ങള്‍ നല്‍കുകയും നാടന്‍ സദ്യ  ഒരുക്കുകയും ചെയ്തു.

ayyappa temple

ആദ്യ ദിവസം സ്റ്റാര്‍ സിങ്ങര്‍ മാളവിക അനില്‍കുമാര്‍,  മാഞ്ഞൂര്‍ രഞ്ജിത് (വയലിന്‍), മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ (ഘടം), ഹരികുമാര്‍ പെരുന്ന (മൃദംഗം) ത്രുടങ്ങിയവരുള്‍പ്പെടുന്ന സെമി-ക്ലാസിക്കല്‍ സംഗീത സന്ധ്യയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. കൂടാതെ  ഓച്ചിറ ശിവദാസന്‍ & ട്രൂപ്പിന്റെ നാദസ്വര കച്ചേരിയും പരിപടികള്‍ക്ക് മോടികൂട്ടി.  ഗോപകുമാര്‍, സത്യമുര്‍ത്തി, വേലായുധന്‍ എന്നിവര്‍ അതിഥികളെ പൊന്നാടയണിയിച്ചു ആദരിച്ചു. കൈമുക്കുമന ജാദവെദന്‍ നമ്പൂതിരി, പരമേശ്വരന്‍ നമ്പൂതിരി, കൃഷ്ണകുമാര്‍ നമ്പൂതിരി (നെയ്‌റോബി), ഷാജു നമ്പൂതിരി (നെയ്‌റോബി) എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി. ശബരിമലയിലെ കഴിഞ്ഞ വര്‍ഷത്തെ തന്ത്രി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയുടെ സാന്നിധ്യം ഭക്തര്‍ക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു. മഹസുദര്‍ശന ഹോമം, മഹാമൃത്യുഞ്ജയ ഹോമം, കലശപൂജ, അഷ്ടാഭിഷേകം, നവഗ്രഹ പൂജ, പടിപൂജ തുടങ്ങിയ പൂജകള്‍ നെയ്‌റോബിയിലെ ഭക്തരുടെ നിറസാനിധ്യത്തില്‍ നടന്നു. അവസാന ദിവസം നടന്ന പടിപൂജ, പള്ളിവേട്ട, എഴുന്നുള്ളത് എന്നിവ ഭക്തജന പങ്കാളിത്തം കൊണ്ട് ജനശ്രദ്ധ നേടി. കെനിയയിലെ  ശ്രീ അയ്യപ്പ ക്ഷേത്രം, പാര്‍ക്ക്ലാന്റ്‌സ്  ശ്രീ റാം മന്ദിര്‍ കോപ്ലക്‌സിനുള്ളില്‍  സ്ഥിതി ചെയ്യുന്നു.

വാര്‍ത്ത അയച്ചത് : പ്രസാദ് നായര്‍