മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പ്രവാസി വിധവാ പെന്‍ഷന്‍ പദ്ധതിക്ക് തുടക്കമായി. ജില്ലാ കമ്മിറ്റിയുടെ വാര്‍ഷിക പ്രവര്‍ത്തന പദ്ധതിയായ റഹ്മ-2016-17 പദ്ധതിയിലുള്‍പ്പെട്ട ഈ പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള ഫണ്ട് ഉദ്ഘാടനം കഴിഞ്ഞ ദിവസം മനാമയില്‍ നടന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഭാഷാ അനുസ്മരണ സമ്മേളന വേദിയില്‍ വെച്ച് നടന്നു. 

പെന്‍ഷന്‍ പദ്ധതിയിലേക്ക് കുഞ്ഞഹമ്മദ് വളാഞ്ചേരി നല്‍കിയ ഫണ്ട് ജില്ലാ ജോ.സെക്രട്ടറി ആബിദ് ചെട്ടിപ്പടിയും മറ്റൊരു അനുഭാവി നല്‍കിയ ഫണ്ട് ശിഹാബ് നിലമ്പൂരില്‍ നിന്ന് ജില്ല ജോ.സെക്രട്ടറി മൗസല്‍ മൂപ്പനും ഏറ്റു വാങ്ങി. മലപ്പുറം ജില്ലയിലെ നിര്‍ധനരായ പ്രവാസികളുടെ വിധവകള്‍ക്കാണ് മാസം തോറും നിശ്ചിത തുക പെന്‍ഷനായി നല്‍കുന്നത്. ജില്ലയിലെ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റികള്‍ മുഖേനെയാണ് ഇതിനുള്ള അവകാശികളെ കണ്ടെത്തുന്നത്. പഞ്ചായത്ത് കമ്മിറ്റികള്‍ രേഖാമൂലം അറിയിക്കുന്ന അവകാശികളെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷം പഞ്ചായത്ത് കമ്മിറ്റികള്‍ മുഖേന തന്നെ മാസം തോറും പെന്‍ഷന്‍ വിതരണം ചെയ്യും. പ്രഥമ ഘട്ടത്തില്‍ 15 പേര്‍ക്ക് 1000 രൂപ വീതമാണ് നല്‍കുന്നത്. പ്രവാസികളുടെ സഹായ സഹകരണങ്ങള്‍ ഈ സംരംഭത്തിനുണ്ടാവണമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം മമ്പാട്ടു മൂല അഭ്യര്‍ത്ഥിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, മുന്‍ എം.എല്‍.എ അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.