മനാമ: കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന് (എന്‍ എസ് എസ്) ഓണാഘോഷം വിപുലമായി നടത്തുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'തുമ്പപ്പൂ പൊന്നോണം 2016' എന്ന പേരിലുള്ള ആഘോഷ പരിപാടികള്‍ ബഹ്റൈന്‍ കേരളീയ സമാജത്തിലാണു നടക്കുക. 'ഓണാട്ടുകര ഓണസദ്യ'യാണ് ഇത്തവണത്തെ ആകര്ഷണീയതെന്നു സംഘാടകര്‍ പറഞ്ഞു.
ആദ്യ ദിവസമായ സപ്തംബര്‍ 29 നു വിവിധ കലാപരിപാടികള്‍ അരങ്ങേറും. രാത്രി 8.30 നു ലിംകാ ബുക്ക് ഓഫ് റിക്കോര്‍ഡ്സ് കരസ്ഥമാക്കിയ കലാമണ്ഡലം ഹരീഷ് മാരാര്‍, പത്നി ഡോ.നന്ദിനി വര്‍മ എന്നിവര്‍ ചേര്‍ന്നുള്ള 'ദമ്പതി തായമ്പക' അവതരിപ്പിക്കും. ഇവരോടൊപ്പം ബഹ്റൈനിലെ സോപാനം വാദ്യകലാ സംഘവും പങ്കാളികളാവും. വൈകീട്ട് 7.30 ന് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി 11 നു സമാപിക്കും. പ്രസിഡന്റ് സുനില്‍ എസ് പിള്ള അധ്യക്ഷത വഹിക്കും. 30 നു ഓണപ്പൂക്കളത്തോടുകൂടിയാണു പരിപാടികള്‍ ആരംഭിക്കുന്നത്. വനിതാ വിഭാഗം പൂക്കളത്തിനു നേതൃത്വം നല്‍കും. കഴിഞ്ഞവര്‍ഷം ശ്രദ്ധേയമായ ആറന്മുള വള്ള സദ്യ ഒരുക്കിയതു പോലെ കേരളത്തിലെ വ്യത്യസ്ഥ രുചിഭേദങ്ങളെ പ്രവാസികള്‍ക്കു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇത്തവണ ഓണാട്ടുകര ഓണസദ്യയാണ് ഒരുക്കുന്നതെന്നു സംഘാടകര്‍ പറഞ്ഞു.
മാവേലിക്കര ചെട്ടികുളങ്ങരനിന്നും പ്രശസ്ത പാചക വിദഗ്ധന്‍ ശ്രീഭദ്ര ജയനും സംഘവുമാണ് ഓണാട്ടുകര ഓണസദ്യ ഒരുക്കുക. ഇതിനായി ഓണാട്ടുകരയില്‍ നിന്നു പരമ്പരാഗത രീതിയില്‍ തയ്യാറാക്കിയ പച്ചക്കറികള്‍ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. രാവിലെ വിളക്കു തെളിയിച്ച് ആരംഭിക്കുന്ന ചടങ്ങില്‍ ബഹ്റൈനിലെ പ്രമുഖര്‍ പങ്കെടുക്കും.
ലേബര്‍ ക്യാമ്പില്‍ നിന്നുള്ള നൂറുപേര്‍ക്കും ഇത്തവണ ഓണ സദ്യ നല്‍കും. വിവിധ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടന ബന്ധപ്പെടാറുള്ള ക്യാമ്പുകളില്‍ നിന്നാണ് ഇതിനായി തൊഴിലാളികളെ കൊണ്ടു വരിക. ഓണസദ്യ കൂപ്പണ്‍ വഴി നിയന്ത്രിക്കും. അനില്‍ കുമാര്‍ ജനറല്‍ കണ്‍വീനറായ കമ്മിറ്റിയാണു പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് സുനില്‍ എസ് പിള്ള, ജന. സെക്രട്ടറി പ്രവീണ്‍ നായര്‍, വൈസ് പ്രസിഡന്റ് ബി ഗോപകുമാര്‍, എ പി അനില്‍കുമാര്‍, സുധീര്‍ തെക്കേടത്ത്, വനിതാ വേദി കണ്‍വീനര്‍ ജയറാണി എന്നിവര്‍ പങ്കെടുത്തു.