മനാമ:  കേരള ലാറ്റിന്‍ കാത്തോലിക്ക് അസോസിയേഷന്‍ (കെ. എല്‍. സി. എ.) കലാ സാഹിത്യ മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്ക് വര്‍ഷം തോറും നല്‍കിവരാറുള്ള പ്രതിഭാ പുരസ്‌കാരത്തിന്‍ അര്‍ഹനായ ജോസാന്റണി പി. കുറുമ്പത്തുരുത്തിനെ ബഹറിന്‍ അക്ഷരവേദി പ്രവര്‍ത്തകര്‍ അനുമോദിച്ചു. കഴിഞ്ഞ മാസം കേരളത്തിലെ കോട്ടപ്പുറത്തുവെച്ചാണ്‍ പുരസ്‌കാരം നല്‍കിയത്.  താപരശ്മികള്‍ എന്ന പേരില്‍ തന്റെ അനുഭവക്കുറിപ്പുകള്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറുങ്കഥകളുടെ സമാഹാരം ഉടന്‍ പ്രസിദ്ധീകരിക്കും. 

സാമൂഹ്യമാധ്യമങ്ങളിലും ആനുകാലികങ്ങളിലും നിരന്തരമായി എഴുതാറുള്ള ജോസ് ബഹ്‌റിനിലെ സാഹിത്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്‍. ചെറിയ വാക്കുകളിലൂടെ ചിന്തയുടെ വലിയ ആകാശം വായനക്കാര്‍ക്ക് മുന്‍പില്‍ തുറന്നിടുന്നതാണ്‍ ജോസാന്റണിയുടെ ഓരോ രചനകളും. ഇതിനോടകം കുറുംകഥകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ജോസാന്റണിക്കായിട്ടുണ്ട്.  

അനുമോദന ചടങ്ങില്‍ ബാജി ഓടംവേലി അദ്ധ്യക്ഷത വഹിച്ചു. നാസ്സര്‍ മുതുകാട്, സിബി ഇലവുപാലം, തോമസ് ബാബു പടുവത്തില്‍, ആലശ്ശേരി അരവിന്ദാഷന്‍, വര്‍ഗ്ഗീസ് കൊല്ലംകുടി, സാബു പാല, വല്‍സ ജേക്കബ്, ദീപ ജയചന്ദ്രന്‍, സിബി ശ്രീമോന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അക്ഷരവേദിക്കു വേണ്ടി ജോര്‍ജ്ജ് വര്‍ഗീസ് ഉപഹാരം നല്‍കി ആദരിച്ചു.