മനാമ: ബഹ്റൈനില്‍ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ 24 മണിക്കൂറിനു ശേഷം കണ്ടെത്തി. ബഹ്റൈന്‍ പോലീസിന്റെ ഊര്‍ജ്ജിതമായ അന്വേണത്തില്‍ ബുധനാഴ്ച രാത്രി പത്തു മണിയോടെ ഹൂറയിലെ ഒരു ഫ്ളാറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതയായിരുന്നു. 38 വയസ്സുള്ളഒരു ബഹ്റൈനിയും 36 കാരി ഏഷ്യന്‍ വംശജയായ ഒരു സ്ത്രീയും ചേര്‍ന്നു താമസിക്കുന്ന ഫ്ളാറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്. പാകിസ്ഥാന് സ്വദേശിയായിരുന്ന ഇയാള്‍ പിന്നീട് ബഹ്റൈന്‍ പൗരത്വമെടുത്തതാണ്. സ്ത്രീ ഫിലിപ്പൈന്‍ സ്വദേശിയാണെന്നറിയുന്നു. താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
തുടര്‍ന്ന് ഇവരെ രണ്ടുപേരെയും അറസ്റ്റു ചെയ്ത് ഹൂറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു. രാത്രിയായപ്പോഴേക്കും പോലീസ് സ്റ്റേഷന് പരിസരം ജനനിബിഡമായി. സ്റ്റേഷനില്‍ മാതാവും കുട്ടിയുടെ അമ്മാവനും കാത്തുനില്‍പ്പുണ്ടായിരുന്നു. മാതാവിനെ കണ്ടയുടന്‍ കുട്ടി ഓടിവന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന് എല്ലാവരോടും നന്ദി പറഞ്ഞ് കുട്ടിയേയും കൊണ്ട് ഇവര്‍ ഫ്ളാറ്റിലേക്കു പോകുകയായിരുന്നു. കുടുംബവുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിട്ടുണ്ട്. മോഷണമല്ല ഉദ്ദേശമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇനി ഏതെങ്കിലും തരത്തിലുള്ള ബ്ളാക്ക്മെയിലിംഗാണോ മറ്റെന്തെങ്കിലുമാണോ പ്രതി ഉദ്ദേശിച്ചെന്നും വ്യക്തമല്ല. ഇതേക്കുറിച്ചെല്ലാം പോലീസ് അന്വേഷിച്ചുവരികയാണ്.
കുട്ടിയെ കണ്ടെത്തിയ വിവരമറിഞ്ഞ് കേന്ദ്രമന്ത്രി സുഷമാസ്വരാജ് ട്വിറ്ററിലൂടെ തന്റെ സന്തോഷം പങ്കുവെച്ചു. കുട്ടിയുടെ മാതാവുമായി മന്ത്രി നേരില്‍ ഫോണിലൂടെ സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ പോലീസ് സ്റ്റേഷനിലായിരുന്നതിനാല്‍ മന്ത്രി ഇവരുടെ സഹോദരനുമായി സംസാരിച്ചു. അന്വേഷണത്തിനു നേതൃത്വം നല്കിയ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരേയും ഇതുമായി സഹകരിച്ച ഇന്ത്യക്കാരേയും ഇന്ത്യന്‍ എംബസി അഭിനന്ദിച്ചു.
ലഖ്നൗ സ്വദേശികളായ ഇര്‍ഷാദിന്റെയും അനീഷയുടെയും മകള്‍ സാറ ഗ്രെയ്സ് എന്ന അഞ്ചു വയസ്സുകാരിയാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം അരങ്ങേറിയത്. ഹൂറയില്‍ ഗോള്‍ഡന്‍ സാന്‍ഡ്സ് ബില്‍ഡിഗിനു സമീപം കാര്‍ നിര്‍ത്തി വെള്ളം വാങ്ങാനായി കുട്ടിയുടെ മാതാവ് കടയില്‍ കയറിയ സമയത്ത് പിന്‍സീറ്റിലിരുന്ന സാറയേയുംകൊണ്ട് അജ്ഞാതന്‍ കാറോടിച്ചു പോകുകയായിരുന്നു.
പിന്നീട് പിറ്റേന്നു പുലര്‍ച്ചെ കാര്‍ ഗുദേബിയയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കുട്ടിയുടെ അമ്മാവന് അനീഷ് പരാതിപ്പെട്ടതനുസരിച്ചാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കുട്ടിയുടെ പിതാവ് ഇര്‍ഷാദ് ഇന്ത്യയിലാണ് അനീഷയുമായുള്ള വിവാഹബന്ധം വേര്‍പെട്ടതിനെത്തുടര്‍ന്ന് മൂന്നു വര്‍ഷം മുമ്പാണ് ഇയാള്‍ ബഹ്റൈന്‍ വിട്ടത്. ബഹ്റൈന്‍ മുഹമ്മദ് ജലാല്‍ ഗ്രൂപ്പിലാണ് അനീഷ ജോലി ചെയ്യുന്നത്.