മനാമ: ചൂട് വര്‍ദ്ധിച്ചതോടെ ബഹ്‌റൈനില്‍ തീപ്പിടിത്തവും പതിവാകുന്നു. കഴിഞ്ഞ ദിവസം ബൂരിയിലുണ്ടായ തീപ്പിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബംഗ്‌ളാദേശി തൊഴിലാളി ഇന്നലെ മരണമടഞ്ഞു. 34  വയസ്സുള്ള സജാദ് സിദിഖ് എന്ന തൊഴിലാളിയാണ് ഇന്നലെ സല്‍മാനിയാ ആശുപത്രിയില്‍ മരണമടഞ്ഞത്. ശനിയാഴ്ച ഉച്ചയോടെയാണ് ബൂരിയില്‍ ബംഗ്‌ളാദേശി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് തീപ്പിടുത്തമുണ്ടായത്. ഇതില്‍ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തികച്ചും തൊഴിലാളികളുടെ അനാസ്ഥ മൂലമാണ് തീപ്പിടിത്തമുണ്ടായതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗാസ് ലീക്ക് ചെയ്തതാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

കടുത്ത ചൂട് തുടങ്ങിയതോടെ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പല പ്രദേശങ്ങളിലും അഗ്‌നി ബാധയ്ക്കു സാധ്യതയുള്ളതായി  അധികൃതര്‍ വിലയിരുത്തുന്നു. സുരക്ഷിതമില്ലാത്ത ഇടങ്ങളിലാണ് പല തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്നതെന്നു കഴിഞ്ഞ ദിവസം സിവില്‍ ഡിഫന്‍സ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അലി മുഹമ്മദ് സാദ് അല്‍ ഹൂത്തി അഭിപ്രായപ്പെടുകയുണ്ടായി. സുരക്ഷിതമല്ലാത്ത താമസ സൗകര്യം ഏര്‍പ്പാടാക്കി കൊടുക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കണമെന്ന് ഡിഫന്‍സ് അധികൃതര്‍ ആവശ്യപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍ക്കിടയാക്കിയേക്കാവുന്ന പല പ്രവര്‍ത്തനങ്ങളും ഇത്തരം ലേബര്‍ ക്യാമ്പില്‍ ഉണ്ടാകുന്നുണ്ട്. ഗ്യാസ് അടുപ്പുകള്‍ക്കു പകരം മണ്ണെണ്ണ സ്റ്റൗവ് ആണ് ചില ക്യാമ്പുകളില്‍ ഉപയോഗിക്കുന്നത്. ശക്തിയായ മര്‍ദ്ദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഇത്തരം പാചക ഉപകരണങ്ങളും അപകടങ്ങള്‍ക്കു വഴിവെക്കുന്നു. കിടന്നുറങ്ങുന്നതും പാചകം ചെയ്യുന്നതും എല്ലാം ഒരു മുറിക്കുള്ളില്‍ തന്നെ എന്നതും അപകടസാധ്യത വര്‍ദ്ധിക്കുന്നു. അന്തരീക്ഷ നില വളരെ ചൂടുപിടിച്ചതായതിനാല്‍ ചെറിയ സ്പാര്‍ക്കിംഗ് പോലും അഗ്‌നിബാധയ്ക്കു കാരണമാകുന്നു. പല ലേബര്‍ ക്യാമ്പുകളിലും അഗ്‌നിശമന ഉപകരണങ്ങളോ ഉള്ളവ കൃത്യമായ  സമയത്ത് ഗ്യാസ് റീ ഫില്‍ ചെയ്തതോ അല്ലെന്നു മാത്രമല്ല, തീപിടിച്ചാല്‍ അത് കെടുത്താനായി അത്യാവശ്യ ഘട്ടങ്ങളില്‍ വെള്ളം പോലും കിട്ടാനില്ലാത്ത ക്യാമ്പുകളാണ് അധികവും ഉള്ളത്. കെട്ടിടം താമസയോഗ്യമാണെന്നു സര്‍ട്ടിഫിക്കറ്റു നല്‍കുന്നതോടൊപ്പം തന്നെ മാസാമാസം പരിശോധനകളും നടത്തിയാല്‍ മാത്രമേ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാവുകയുള്ളൂ എന്നും ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു.