മനാമ: ഊരുഭംഗം എന്ന നാടകത്തിനു ശേഷം ബഹ്‌റിന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമ ബഹ്‌റിനിലെ നാടകപ്രേമികള്‍ക്കായി വീണ്ടും ഒരു ദൃശ്യവിരുന്ന് ഒരുക്കുന്നു. ആഗസ്റ്റ് അവസാനം അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന  നാടകത്തിന്റെ ഡിസൈനും സംവിധാനവും നിര്‍വ്വഹിക്കുന്നത് പ്രശസ്ത നാടക  സിനിമാ സംവിധായകനും തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനും ആയ ഡോ.എസ്.സുനിലാണ്.

ഇതിനോടനുബന്ധിച്ച് നാടകരംഗത്ത് താല്‍പ്പര്യം ഉള്ളവര്‍ക്കായി ഒരു മാസം നീണ്ടു നില്‍ക്കുന്ന തീയേറ്റര്‍ വര്‍ക്ക്‌ഷോപ്പ് നടത്തും ഇതിലൂടെ ഒരു നാടകത്തിന്റെ എല്ലാ മേഖലകളിലും ഉള്ള പരിശീലനമാണ് ഉദ്ദേശിക്കുന്നത്. 

നാടകത്തിന്റെ  എല്ലാ  മേഖലകളിലും  തങ്ങളുടെ  അഭിരുചിക്കനുസരിച്ച്   കടന്നു  ചെന്നു  പ്രവര്‍ത്തിക്കാവുന്ന  തരത്തിലുള്ള  തികച്ചും  വ്യത്യസ്തമായ  പഠന  ശൈലിയിലുള്ള  ക്യാമ്പ്  ആയിരിക്കും  സുനില്‍കുമാര്‍  നേതൃത്വം  കൊടുക്കുന്നതെന്നും ബഹ്‌റൈന്‍  നാടക  പ്രേമികള്‍  ഈ ക്യാമ്പില്‍  പങ്കെടുത്തു.

ഈ സംരംഭം വിജയിപ്പിക്കണമെന്നും   സമാജം  പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, സെക്രട്ടറി   എന്‍.കെ.വീരമണി  എന്നിവര്‍  അഭ്യര്‍ത്ഥിച്ചു. ഈ മാസം ഇരുപതാം തീയതിയോടെ ആരംഭിക്കുന്ന ക്യാമ്പിന്റെ സംഘാടക സമിതി ഇക്കഴിഞ്ഞ ദിവസം യോഗം കൂടുകയുണ്ടായി. യോഗത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. താല്‍പര്യമുള്ളവര്‍ക്ക് കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി - 39848091  കണ്‍വീനര്‍ വിജു കൃഷ്ണന്‍ - 36656026 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.