മനാമ: ബഹ്റൈന്‍ പ്രതിഭ കുട്ടികള്‍ക്കായി നാലു ദിവസങ്ങളിലായി വിപുലമായ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'പാലറ്റ് 2016'  സീസണ്‍ 2 ക്യാമ്പ് ഒക്ടോബര്‍ 4, 5, 6,7 തിയ്യതികളിലാണു നടക്കുക. 7 ന്  ചിത്രരചനാ മത്സരവും സമൂഹ ചിത്ര രചനയും ഒരുക്കിയിട്ടുണ്ട്. കേരള ലളിത കലാ അക്കാഡമി സെക്രട്ടറിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രമുഖ  ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്‍ ക്യാമ്പ് ഡയറക്ടറായിരിക്കും. വൈകീട്ട് 7.30 മുതല്‍ 9.30 വരെ ബഹ്റൈന്‍ കേരളീയ സമാജത്തിലാണു ക്യാമ്പ് നടക്കുക.

ആറുവയസ്സുമുതലുള്ള 60 കുട്ടികള്‍ക്കാണു ക്യാമ്പില്‍ പ്രവേശനം നല്‍കുക. ജലഛായത്തിലുള്ള പരിശീലനമാണു ക്യാമ്പില്‍ ഉണ്ടാവുക. ക്യാമ്പിനു സമാപനം കുറിച്ച് ഒക്ടോബര്‍ 7 ന് നടക്കുന്ന ചിത്രരചനാ മത്സരത്തില്‍  മൂന്നു ഗ്രൂപ്പുകളിലായി കുട്ടികള്‍ക്കു മത്സരിക്കാം. ബഹ്റൈനിലെ അഞ്ഞൂറോളം കുട്ടികള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. 5-8, 9-12, 13-17 എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായാണ് മത്സരം. 

അന്നു നടക്കുന്ന സമൂഹ ചിത്ര രചനയില്‍ ബഹ്റൈനിലെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ ചിത്രകാരന്‍മാര്‍ അണിനിരക്കും.  നൂറുമീറ്റര്‍ ക്യാന്‍വാസിലാണു ചിത്രരചന നടക്കുക. ഇതോടൊപ്പം ചിത്രങ്ങളുടെ  പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്നു ഫിനാലെ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം നിലവില്‍ വന്നു.  സി വി നാരായണന്‍- ചെയര്‍മാന്‍,  പി ശ്രീജിത്ത്- ജന. കണ്‍വീനര്‍,  കെ എം രാമചന്ദ്രന്‍- ജോ. കണ്‍വീനര്‍ എന്നിവരാണു ഭാരവാഹികള്‍. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി പി ടി നാരായണന്‍-സാമ്പത്തികം, കെ സതീന്ദ്രന്‍-പ്രചാരണം, ടി പി അജിത്-റജിസ്ട്രേഷന്‍,  ബിജു എം സതീഷ്- ക്യാമ്പ് കോ ഓഡിനേറ്റര്‍,  എ രാജേഷ്- വളണ്ടിയര്‍,  പി വി ഹരീന്ദ്രന്‍ -ഭക്ഷണം, ബിനു സല്‍മാബാദ്, മനോജ്മാഹി, വിപിന്‍ ദേവസ്യ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. വാര്‍ത്താ സമ്മേളനത്തില്‍ പ്രതിഭ ജന.സെക്രട്ടറി ഷരീഫ് കോഴിക്കോട്,  സി വി നാരായണന്‍,  പി ശ്രീജിത്ത്, പി ടി നാരായണന്‍, എന്‍ കെ വീരമണി, കെ സതീന്ദ്രന്‍, സതീഷ് എന്നിവര്‍ പങ്കെടുത്തു.