മനാമ: ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ മലയാളത്തില്‍ ഒരുങ്ങുന്നു. വിശ്രുത നാടക സംവിധായകന്‍ സൂര്യകൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് യേശു ക്രിസ്തുവിന്റെ ജീവിതവും സന്ദേശവും ഇതിവൃത്തമാക്കി 'എന്റെ രക്ഷകന്‍' എന്ന ഷോ ഒരുങ്ങുന്നത്. ഇതിന്റെ ആദ്യ പ്രദര്‍ശനം 2017 ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് സൂര്യകൃഷ്ണമൂര്‍ത്തി ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷോയുടെ പ്രചാരണാര്‍ഥം വിവിധ വിദേശ രാജ്യങ്ങളില്‍ നടക്കുന്ന റോഡ് ഷോയ്ക്കു ബഹ്റൈനില്‍ തുടക്കം കുറിച്ചു.

വിവിധ രംഗങ്ങളിലെ പ്രശസ്തരുടെ ഒരു നിര തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പട്ടണം റഷീദ് ആണ് മേക്കപ്പ് നിര്‍വഹിക്കുന്നത്. രമേശ് നാരായണനാണ് സംഗീതം്. പാട്ടുകള്‍ എഴുതിയത് കവി മധുസൂദനന്‍ നായര്‍. മജീഷ്യന്‍ മുതുകാടിന്റെ സഹകരണവും ഷോയിലുണ്ടാകും. 

ചങ്ങനാശ്ശേരി സര്‍ഗക്ഷേത്ര കലാ സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഷോക്ക് ആദ്യഘട്ടത്തില്‍ ഒരു കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു.  മാര്‍ ക്രിസോസ്റ്റം ഗ്ളോബല്‍ പീസ് ഫൗണ്ടേഷനും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. ഒരു മാസം പരമാവധി രണ്ട് ഷോയാണ് നടത്താന്‍ സാധിക്കുക. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇത് അവതരിപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. തീവ്രമായ ചിട്ടയോടെയുള്ള പരിശീലനമാണ് ഇതില്‍ പങ്കെടുക്കുന്ന കലാകാരന്‍മാര്‍ക്ക് നല്‍കുക. ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ സാങ്കേതികതയും തിരുവനന്തപുരം മാജിക് അക്കാഡമിയുടെ സഹായവും വേദിയില്‍ പ്രയോജനപ്പെടുത്തും. ക്രിസ്തുവിന്റെ ജീവിതം അനാവരണം ചെയ്യുന്ന ഷോ ആണെങ്കിലും ഇതില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും കൃസ്ത്യന്‍ ഇതര സമുദായങ്ങളിലുള്ളവരാണെന്നും സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. 

കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജന.സെക്രട്ടറി എന്‍ കെ വീരമണി, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ.അലക്സ് പ്രായിക്കുളം, റെജി കൊപ്പാറ, ജിജി ഫ്രാന്‍സിസ്, പി കെ രാജു, വര്‍ഗീസ് കാരക്കല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.