മനാമ:  ബഹ്‌റൈനിലെ ടെലി-കമ്മ്യൂണിക്കേഷന്‍ മേഖല പ്രതീക്ഷിച്ചതിലേറെ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നതെന്ന് ടെലി കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിട്ടി. പ്രത്യേകിച്ച് മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 40 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നതെന്ന് അതോറിട്ടിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് ടെലിഫോണ്‍ വരിക്കാരില്‍ 90 ശതമാനവും മൊബൈല്‍ ഫോണ്‍ വരിക്കാരാണെന്നാണ് 2015 അവസാനം രേഖകള്‍ സൂചിപ്പിക്കുന്നത്. മൊബൈല്‍ ഫോണ്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ലാന്‍ഡ് ലൈന്‍ പലരും ഒഴിവാക്കിയിരിക്കുകയാണ്. 2014 ലെ കണക്കനുസരിച്ച് 94 ശതമാനം ഫോണ്‍ കോളുകളും മൊബൈല്‍ ഫോണില്‍ നിന്നാണ്. മൊബൈലില്‍നിന്നുള്ള വിളിയാണ് നിരക്കില്‍ ലാഭകരമെന്നതുതന്നെ കാരണം.

ഒരാള്‍ക്കുതന്നെ രണ്ടും മൂന്നും മൊബൈല്‍ നമ്പറുകളായപ്പോള്‍ ആകെ വരിക്കാരുടെ എണ്ണം രാജ്യത്തെ ജനസംഖ്യയുടെ ഇരട്ടിയിലധികമായിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുമ്പെങ്ങുമില്ലാത്തവിധം കമ്പനികള്‍ കൂടുതല്‍ ഓഫറുകളുമായി രംഗത്തെത്തിയപ്പോഴാണ് വരിക്കാരുടെ എണ്ണവും വര്‍ദ്ധിച്ചത്. പ്രധാനമായും ടെലികോം കമ്പനികള്‍ ലക്ഷ്യം വെക്കുന്നത് മൂന്നര ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെത്തന്നെ. നിലവില്‍ രണ്ടു സ്മാര്‍ട്ട് ഫോണുകളെങ്കിലുമില്ലാത്തവര്‍ വിരളം. ലോക്കല്‍ കോള്‍ സൗജന്യമായും ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കിലും വാഗ്ദാനം ചെയ്ത് സൗജന്യ സ്മാര്‍ട്ട് ഫോണ്‍ സഹിതമുള്ള ഗഡുക്കളായി പണമടക്കാവുന്ന സൗകര്യം ആരാണ് പ്രയോജനപ്പെടുത്താത്തതെന്നാണ് പൊതുജനം ചോദിക്കുന്നത്. നാട്ടിലേക്കുള്ള വിളികള്‍ക്കും നിരക്ക് ഏറെ താഴ്ന്നു.

ബറ്റെല്‍കോ, സെയിന്‍, വിവ എന്നീ ടെലികോം കമ്പനികളാണ് പ്രധാനമായും  രംഗത്തുള്ളത്. ഇവര്‍ തമ്മില്‍ കടുത്ത മല്‍സരം ആരംഭിച്ചതോടെയാണ് ഉപഭോക്താക്കള്‍ക്ക് ഫോണ്‍വിളിയില്‍ ലാഭം ഉറപ്പാക്കാനായത്. ഒന്നോ രണ്ടോ വര്‍ഷത്തെ കരാര്‍ ഒപ്പിടുന്നവര്‍ക്ക് ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുവാന്‍ മല്‍സരിക്കുകയാണ് കമ്പനികള്‍. തങ്ങളുടെ ഫോണ്‍നമ്പര്‍ മാറാതെ സര്‍വീസ് പ്രൊവൈഡിംഗ് കമ്പനി മാറാവുന്ന സംവിധാനം നിലവില്‍ വന്ന ശേഷം വരിക്കാരില്‍ നല്ലൊരു ശതമാനം പേരും ഈ സര്‍വീസ് പ്രയോജനപ്പെടുത്തിയതായി റെഗുലേറ്ററി അതോറിട്ടി അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനമനുസരിച്ച് ബറ്റെല്‍കോയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നവര്‍ക്ക് നമ്പര്‍ മാറാതെതന്നെ സെയിനിലേക്കോ വിവയിലേക്കോ മാറാനാകും, തിരിച്ചും. കമ്പനികളുടെ സര്‍വീസിന്റെ ഗുണമനുസരിച്ച് തങ്ങള്‍ക്കിഷ്ടാനുസരണം കമ്പനി മാറ്റാവുന്ന സംവിധാനമാണിത്. എത്ര തവണ വേണമെങ്കിലും ഇത്തരത്തില്‍ സര്‍വീസ് പ്രൊവൈഡറെ മാറ്റാവുന്നതാണ്. അതേസമയം ഓരോ തവണ മാറുമ്പോഴും തങ്ങള്‍ അടച്ചുതീര്‍ക്കേണ്ടതായ ടെലിഫോണ്‍ ബില്ലിന്റെ തുക പൂര്‍ണ്ണമായും അടച്ചിരിക്കണം.

അതേസമയം നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വന്നതോടെ കമ്പനികള്‍ പുതിയ ഓഫറുകളുമായി രംഗത്തു വന്നത് ഉപഭോക്താക്കള്‍ക്കും ഗുണമായി. ഈ സംവിധാനം നിലവില്‍ വന്ന ശേഷം സര്‍വീസ് പ്രൊവൈഡിംഗ് കമ്പനികള്‍ തമ്മില്‍ മല്‍സരം മൂര്‍ച്ഛിച്ചിരിക്കയാണ്. എല്ലാ കമ്പനികളും മൊബൈല്‍ ടു മൊബൈല്‍ സൗജന്യമായി വിളിക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്തിയിരിക്കയാണ്. ഇതനുസരിച്ച് നാലു ദിനാര്‍ ചിലവാക്കിയാല്‍ ഒരു മാസം മുഴുവന്‍ അണ്‍ ലിമിറ്റഡ് ലോക്കല്‍ കോള്‍ സൗജന്യമാക്കിയിരിക്കയാണ്. കൂടാതെ നാട്ടിലേക്കും നിശ്ചിത സമയം സൗജന്യ കോളും ഈ കമ്പനികള്‍ അനുവദിക്കുന്നു.