മസ്‌കറ്റ് : ഒമാന്റെ 45ാം ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ  സ്വകാര്യ ചികിത്സാരംഗത്ത്  വ്യക്തിമുദ്ര പതിപ്പിച്ച  ഡോക്ടര്‍മാരെ ഒമാന്‍ ആരോഗ്യമന്ത്രാലയം ആദരിച്ചു.   അഞ്ച് പുരസ്‌കാരജേതാക്കളില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ രണ്ടുപേര്‍ മലയാളികളും .  ആലപ്പുഴ സ്വദേശിയായ ഡോ.  തോമസ് മംഗലപ്പിള്ളിയും    എറണാകുളം സ്വദേശിയായ ഡോ. ദേവസ്സി ജോസഫുമാണ്  വൈദ്യചികിത്സാരംഗത്തെ നീണ്ടകാല സേവനത്തിന് രാജ്യത്തിന്റെ ആദരം നേടിയ മലയാളികള്‍. ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ്  ബിന്‍ മുഹമ്മദ് അല സയീദി  ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ആദ്യമായാണ് സ്വകാര്യ ചികിത്സാരംഗത്തുള്ള ഡോക്ടര്‍മാരെ രാജ്യം അംഗീകരിക്കുന്നത്. 
     മുപ്പതാണ്ടിലേറെയായി ഒമാന്റെ പൊതുജനാരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നുണ്ട് ഡോ തോമസും ഡോ. ദേവസ്സിയും. 
ഒമാനിലെ ഉള്‍പ്രദേശമായ ബു ആലിക്കടുത്തുള്ള ഗ്രാമത്തിലാണ് 30 വര്‍ഷംമുമ്പ് ഡോ. തോമസ് സേവനം ആരംഭിക്കുന്നത്. ഡോ. ദേവസ്സി 37 വര്‍ഷംമുമ്പ് നിസ്വയ്ക്ക് അടുത്തുള്ള സുമൈലിലും ജോലി തുടങ്ങി.
   വൈദ്യുതിയോ ടെലിഫോണോ ഗതാഗത സൗകര്യങ്ങളോ അന്നില്ലായിരുന്നു. കണ്‍മുന്നിലൂടെ വലിയ പുരോഗതിയിലേക്ക് നടന്നുകയറിയ രാജ്യത്തിന്റെ വികസനരംഗത്ത് ഒരു ചെറിയ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡോ. തോമസും ഡോ. ദേവസ്യയും പറഞ്ഞു.    മുംബൈ സ്വദേശിയായ ഡോ. രാജേന്ദ്ര പരേഖാണ് പുരസ്‌കാരം ലഭിച്ച മൂന്നാമത്തെ ഇന്ത്യക്കാരന്‍. പലസ്തീന്‍, ഒമാന്‍ സ്വദേശികളാണ് മറ്റു രണ്ട് പേര്‍.