മസ്‌കറ്റ് : ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഒമാനില്‍പെയ്ത മഴയ്ക്കും കാറ്റിനും ശക്തികുറഞ്ഞു. ശനിയാഴ്ച മിക്കസ്ഥലത്തും മഴ തീരെപെയ്തില്ല. കഴിഞ്ഞദിവസങ്ങളില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കൊല്ലം വയലസ്വദേശി ജയചന്ദ്രന്‍ നായരും (55) മരിച്ചവരില്‍പ്പെടുന്നു. മറ്റുള്ളവര്‍ ഒമാന്‍ സ്വദേശികളാണ്. ഇതില്‍ നാലുകുട്ടികളാണ്. ശനിയാഴ്ചകാലത്ത് മുദൈബിയിലാണ് ഏഴാമത്തെ മൃതദേഹം കണ്ടെത്തിയത്.

കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍കുമാറിന് ചെറിയപരിക്കുണ്ട്. മലവെള്ളപ്പാച്ചിലാണ് ദുരിതംവിതച്ചത്. ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് ഒമാനില്‍ ശക്തമായ കാറ്റും മഴയുമുണ്ടായത്. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വക്ക് സമീപം ബര്‍ക്കത്ത് മൂസില്‍ വാദി മുറിച്ചുകടക്കവേ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു മലയാളികള്‍ അപകടത്തില്‍പ്പെട്ടത്.

ജയചന്ദ്രന്‍നായരും അനില്‍ കുമാറും സഞ്ചരിച്ച വാഹനം ഒഴുക്കില്‍പ്പെടുകയായിരുന്നു. ജബല്‍ അഖ്ദറിലെ നിര്‍മാണ കമ്പനിയായ ആദില്‍ ഒമാന്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ജോലിസ്ഥലത്ത്‌നിന്ന് മടങ്ങിവരികയായിരുന്നു.

വാദിയില്‍ മുറിച്ചുകടക്കവേ മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലൊന്ന് പെട്ടെന്ന് നിന്നുപോയി. ഈ സമയത്തുണ്ടായ ശക്തമായ ഒഴുക്കില്‍ ഇവരുടേതടക്കം മൂന്ന് കാറുകള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മുന്നിലെ വാഹനങ്ങളില്‍ ഉണ്ടായിരുന്ന സ്വദേശികള്‍ വെള്ളത്തിന്റെ വരവ് കണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടെങ്കിലും ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ജയചന്ദ്രന്റെ മൃതദേഹം നിസ്വ ആസ്​പത്രിയിലാണ്. അണക്കുനിന്ന് കുറച്ചുദൂരം ഒഴുകിപ്പോയ അനില്‍ കുമാറിന് മരത്തില്‍ പിടികിട്ടിയതാണ് രക്ഷയായത്. മരത്തില്‍ പിടിച്ചുകിടന്ന ഇദ്ദേഹത്തെ സ്വദേശികളാണ് രക്ഷപ്പെടുത്തി ആസ്​പത്രിയിലെത്തിച്ചത്. നിസ്വ ആസ്​പത്രി മോര്‍ച്ചറിയിലുള്ള ജയചന്ദ്രന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇരുപത് വര്‍ഷമായി ജബല്‍ അഖ്ദറില്‍ ജോലി ചെയ്യുകയാണ് ജയചന്ദ്രന്‍.