മസ്‌കറ്റ്: ഒമാനില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ദക്ഷിണ ഗവര്‍ണറേറ്റിലെ അല്‍ ബാതിനായിലുള്ള റുസ്താഖില്‍ മഴയെ തുടര്‍ന്ന് വാദികളില്‍ കുടുങ്ങിയ നാലുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മറ്റു രണ്ടുപേരെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

വാദി ജമായില്‍ വാഹനങ്ങളില്‍ കുടുങ്ങിയ രണ്ട് പേരെയും വാദി സോഖില്‍ കുടുങ്ങിയ രണ്ട് പേരെയുമാണ് രക്ഷപ്പെടുത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. വാദി അല്‍ ഹൊഖയിനില്‍ രണ്ടുപേര്‍കൂടി കുടുങ്ങിക്കിടക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി വൈകിയും ഇവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു.

രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും വ്യാഴാഴ്ച വൈകിട്ടും കനത്ത മഴ തുടര്‍ന്നു. നഖല്‍, അവാബി എന്നിവിടങ്ങളിലും റുസ്താഖിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. അതിനിടെ, കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടിലും വാദികളിലും കുടുങ്ങുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രാമദ്ധ്യേ ഒഴുക്കില്‍പെട്ടു പോവുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെ വാഹനത്തിനു മുകളില്‍ ഇരിക്കണമെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു.