മനാമ: ബഹ്റൈനില്‍ അജ്ഞാതന്‍ തട്ടികൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ കണ്ടെത്തി.  യുവാവും യുവതിയും ചേര്‍ന്ന് തട്ടികൊണ്ടുപോയ പെണ്‍കുട്ടിയെ ബഹ്‌റൈനിലെ ഹൂറ മേഖലയില്‍ നിന്നാണ് പോലീസ് വീണ്ടെടുത്തത്. ലഖ്നൗ സ്വദേശികളായ ഇര്‍ഷാദിന്റെയും അനീഷയുടെയും മകള്‍ സാറ (5) യെയാണ് തട്ടികൊണ്ടുപോയത്.  പെണ്‍കുട്ടിയെ ബുധനാഴ്ച രാത്രിയോടെയാണ് പോലീസ് സംഘം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം അരങ്ങേറിയത്. ഹൂറയില്‍ ഗോള്‍ഡന്‍ സാന്‍ഡ്സ് ബില്‍ഡിഗിനു സമീപം കാര്‍ നിര്‍ത്തി വെള്ളം വാങ്ങാനായി കുട്ടിയുടെ മാതാവ് കടയില്‍ കയറിയ സമയത്ത് പിന്‍സീറ്റിലിരുന്ന സാറയേയുംകൊണ്ട് അജ്ഞാതന്‍ കാറോടിച്ചു പോകുകയായിരുന്നു. കാര്‍ തട്ടിയെടുത്ത ഉടനെ ഇവര്‍ കാറിലെ ഇിപിഎസ് സംവിധാനം ഓഫ് ചെയ്തിരുന്നു. 

പിന്നീട് ഇന്നലെ പുലര്‍ച്ചെ കാര്‍ ഗുദേബിയയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്  38 കാരനായ ബഹ്‌റൈന്‍ യുവാവിനെയും 37 കാരിയായ ഏഷ്യന്‍ യുവതിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.  ഹൂറയിലുള്ള യുവതിയുടെ വീട്ടില്‍  നിന്നാണ് കുട്ടിയെ വീണ്ടെടുത്തത്.