കാഠ്മണ്ഡു: യോഗ രൂപംകൊണ്ടത് ഇന്ത്യയിലല്ല, നേപ്പാളിലാണെന്ന അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. തിങ്കളാഴ്ച അന്താരാഷ്ട്ര യോഗാദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഒലിയുടെ പരാമര്‍ശം. ഇന്ത്യ ഒരു രാജ്യമായി നിലവില്‍ വരുന്നതിനു മുന്‍പേ തന്നെ നേപ്പാളില്‍ യോഗ പരിശീലിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഒരു രാജ്യമാകുന്നതിന് വളരെ മുന്‍പേ തന്നെ നേപ്പാളില്‍ യോഗ പരിശീലിച്ചിരുന്നു. യോഗ കണ്ടുപിടിച്ച സമയത്ത് ഇന്ത്യ രൂപംകൊണ്ടിരുന്നില്ല. അന്ന് ഇന്ത്യ പോലൊരു രാജ്യം ഉണ്ടായിരുന്നില്ല, നിരവധി ചെറു സംസ്ഥാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍, യോഗ ആവിര്‍ഭവിച്ചത് നേപ്പാളിലോ ഉത്തരാഖണ്ഡിന്റെ ചുറ്റുവട്ടത്തായോ ആണ്. യോഗ ഉദയംചെയ്തത് ഇന്ത്യയിലല്ല- ഒലി പറഞ്ഞു. 

യോഗ കണ്ടുപിടിച്ച സംന്യാസിവര്യന്മാര്‍ക്ക് മതിയായ അംഗീകാരം ലഭിച്ചില്ലെന്നും ഒലി പറഞ്ഞു. തന്റെ രാജ്യത്തിന് യോഗയെ രാജ്യാന്തരതലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്ത്യ യോഗയെ രാജ്യാന്തരതലത്തില്‍ പ്രശസ്തമാക്കിയെന്നും ഒലി കൂട്ടിച്ചേര്‍ത്തു.

ശ്രീരാമന്‍ ജനിച്ചത് ഇന്ത്യയിലെ അയോധ്യയില്‍ അല്ലെന്നും നേപ്പാളിലെ മാഡി മേഖലയിലോ അയോധ്യാപുരിയിലോ ആണെന്നും മുന്‍പ് ഒലി പറഞ്ഞിരുന്നു. 2020 ജൂലൈ 20-നായിരുന്നു ശ്രീരാമന്റെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട പരാമര്‍ശം.

content highlights: yoga originated in nepal not in india- nepal pm kp sharma oli