yevgeny prigozhin (Photo: https://twitter.com/avia_pro) , wagner logo (Photo: AFP), Dmitry Utkin (Photo: https://twitter.com/_AteuDispor)
ദുര്‍ബലരെന്ന് കരുതി, പെട്ടെന്ന് കീഴടക്കി തിരിച്ചു പോകാമെന്നും കണക്കുകൂട്ടി യുക്രൈനിലേക്ക് റഷ്യൻ സൈന്യത്തെ അയച്ച പുതിന്റെ അനുമാനങ്ങളൊക്കെ തെറ്റുന്ന കാഴ്ചയായിരുന്നു തുടർന്നങ്ങോട്ട് കണ്ടത്. തങ്ങളുടെ സൈന്യത്തിന് മുമ്പിൽ പിടിച്ചു നിൽക്കാനാകാതെ, യുക്രൈൻ റഷ്യയുടെ ഭാഗമാകുമെന്ന് വിചാരിച്ചെങ്കിലും, യുക്രൈന് പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്കിയുടെ നിശ്ചയദാർഢ്യവും ചെറുത്തുനില്പും കാരണം വൻ നാശനഷ്ടങ്ങളാണ് റഷ്യൻ സൈന്യത്തിന് നേരിടേണ്ടി വന്നത്.
പതിനെട്ടടവും പയറ്റിയിട്ടും പുതിന്റെ സംഘത്തിന് യുക്രൈൻ സൈന്യത്തെ അവർ വിചാരിച്ച പോലെ കീഴടക്കാന്‍ കഴിഞ്ഞില്ല. ആഗോളരാജ്യങ്ങൾ റഷ്യയ്ക്കെതിരേ നിലപാട് കടുപ്പിച്ചപ്പോഴും റഷ്യ യുക്രൈനിൽ നിന്ന് പിന്മാറിയിരുന്നില്ല. സൈന്യത്തോടൊപ്പം തന്നെ പുതിൻ രാജ്യത്തെ അർധസൈനിക വിഭാഗമായ വാഗ്നറിനേയും (സ്വകാര്യ സേനയായും വിശേഷിപ്പിക്കപ്പെടുന്നു) രംഗത്തിറക്കിയതായും ആരോപണങ്ങളുയർന്നിരുന്നു.
'രാജ്യം സ്വന്തമാക്കാൻ രാജാവിനെ വധിക്കണം' എന്ന തന്ത്രമായിരുന്നു പുതിൻ ആദ്യം പ്രയോഗിച്ചത്, യുക്രൈനെ റഷ്യയോട് കൂട്ടിച്ചേർക്കാൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്കിയെ ഇല്ലാതാക്കണം. ഇതിനാകട്ടെ ഏർപ്പാടാക്കിയത് തന്റെ വിശ്വസ്തനായ യെവ്ഗൻസി പ്രിഗോസിൻ എന്ന വ്യവസായി രൂപീകരിച്ച റഷ്യയിലെ അർധസൈനിക വിഭാഗമായ വാഗ്നർ ഗ്രൂപ്പിനേയും.
നാനൂറോളം വാഗ്നർ രഹസ്യ സൈനികരെയാണ് സെലൻസ്കിയെ കൊല്ലാൻ വേണ്ടി റഷ്യ യുക്രൈനിലേക്ക് അയച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. റഷ്യൻ സൈന്യത്തോടൊപ്പം തന്നെ യുക്രൈനിൽ പലയിടങ്ങളിലും കൂട്ടക്കുരുതികളുമായി വാഗ്നർ സൈന്യവും ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ലോകത്തിന്റെ പല രാജ്യങ്ങളിലും വാഗ്നർ സൈനിക ചാരന്മാർ ഒളിച്ചിരിപ്പുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല.
ഇപ്പോൾ, റഷ്യയിലെ അർധസൈനികവിഭാഗമായ വാഗ്നർ ഗ്രൂപ്പിനെ അമേരിക്ക അന്താരാഷ്ട്ര കുറ്റവാളിസംഘങ്ങളുടെ പട്ടികയിൽപ്പെടുത്തിയതോടെയാണ് വീണ്ടും ഈ റഷ്യൻ അർധസൈന്യം ചർച്ചകളിൽ ഇടംപിടിക്കുന്നത്. ഗ്രൂപ്പിലെ അമ്പതിനായിരത്തോളംപേർ യുക്രൈൻ യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ടെന്നും ഇതിൽ 80 ശതമാനംപേരെയും ജയിലിൽനിന്ന് റിക്രൂട്ട് ചെയ്തതാണെന്നുമാണ് യു.എസ്. ദേശീയ സുരക്ഷാവക്താവ് ജോൺ കിർബിയുടെ ആരോപണം. യുക്രൈൻ യുദ്ധത്തിന്റെ ഭാഗമായി വാഗ്നർ ഗ്രൂപ്പ് ഉത്തര കൊറിയയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നതിന്റെ ചിത്രങ്ങൾ കിർബി പുറത്തുവിടുകയും ചെയ്തു.
വൻതോതിൽ മിസൈലുകളും തോക്കുകളും വാങ്ങി റഷ്യൻ സൈന്യത്തിന്റെ വാഹനം തിരിച്ചുപോകുന്ന ദൃശ്യങ്ങൾ യു.എസ്. രഹസ്യാന്വേഷണ വിഭാഗമാണ് ശേഖരിച്ചത്. ഉത്തര കൊറിയയിൽ നിന്ന് ആയുധം സ്വീകരിക്കുന്നത് യു.എൻ. നയങ്ങൾക്ക് എതിരാണ്. ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കിർബി പറഞ്ഞു.
.jpg?$p=c82aebd&&q=0.8)
വാഗ്നർ ഗ്രൂപ്പ് റഷ്യയിലെ ഔദ്യോഗിക സൈന്യത്തിന് ഭീഷണിയായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വ്യാപകമായ പീഡനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടത്തുന്ന സംഘടനയാണ് വാഗ്നർ. അതിന് പിന്തുണ നൽകുന്നവരെ കണ്ടെത്താനും തകർക്കാനും ചെയ്യാവുന്നതെല്ലാം ചെയ്യും. യുക്രൈനെതിരായ യുദ്ധത്തിൽ പ്രിഗോസിൻ വ്യക്തിപരമായി തീരുമാനമെടുക്കുന്നുണ്ടെന്നും ഇത് റഷ്യൻസൈന്യത്തിനുതന്നെ ഭീഷണിയായിരിക്കുകയാണ് -കിർബി പറഞ്ഞു.
അന്താരാഷ്ട്ര കുറ്റവാളിസംഘത്തിന്റെ പട്ടികയിൽപ്പെടുത്തിയതോടെ, ഇറ്റാലിയൻ മാഫിയസംഘങ്ങളുടെയും ജപ്പാൻ, റഷ്യ എന്നിവിടങ്ങളിലെ ക്രിമിനൽ ഗ്രൂപ്പുകളുടെയും കൂട്ടത്തിലായി വാഗ്നർ ഗ്രൂപ്പും.
പ്രിഗോസിൻ, 'പുതിന്റെ ഷെഫ്' ആള് ചില്ലറക്കാരനല്ല
റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ ജനിച്ച യെവ്ഗൻസി പ്രിഗോസിൻ ജീവിതം ഏറെയും ജയിലിലായിരുന്നു. മോഷണം, പിടിച്ചുപറി, വഞ്ചന, വേശ്യാവൃത്തി തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് 1980കളിൽ ഇയാൾ അഴിക്കുള്ളിലായിരുന്നു. പിന്നീട് ഒരു വാഗ്നറിന്റെ രൂപീകരണ സമയത്ത് ജയിൽപുള്ളികളേയാണ് കൂടുതലായും റിക്രൂട്ട് ചെയ്തിരിക്കുന്നത്. കുറ്റവാളികളായവർ, മനുഷ്യത്വം തൊട്ടുതീണ്ടാത്ത പ്രതികളേയാണ് പ്രിഗോസ് സൈന്യത്തിൽ ചേർത്തിരുന്നത് എന്നാണ് നിരീക്ഷകരും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
61കാരനായ പ്രിഗോസിൻ, പുതിന്റെ അടുത്ത വിശ്വസ്തൻ, ഷെഫ്, ജയിൽപുള്ളി അതിലോപരി വ്യവസായിയും. 2014-ലാണ് പ്രിഗോസിൻ വാഗ്നർ ഗ്രൂപ്പ് എന്ന സ്വകാര്യ സൈനികസംഘം രൂപവത്കരിച്ചത്.
250 പേരുമായി തുടങ്ങിയ സംഘം എട്ടുവർഷംകൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള സംഘമായി മാറി. ദിമിത്രി ഉത്കിനാണ് സൈന്യത്തിന്റെ തലവൻ. റഷ്യയിലെ ഹോട്ടൽ ശൃംഖലയുടെ ഉടമയാണ് പ്രിഗോസിൻ. അവിടെ പുതിൻ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നതിനാൽ ‘പുതിൻസ് ഷെഫ്’ എന്നും പ്രിഗോസിൻ അറിയപ്പെടുന്നു.
റഷ്യയിലോ മറ്റെവിടെയെങ്കിലും രജിസ്റ്റർ ചെയ്ത ഒരു കമ്പനി അല്ല വാഗ്നർ സൈന്യം. രഹസ്യസ്വഭാവം സൂക്ഷിക്കുന്ന റഷ്യയുടെ അർധസൈന്യം പോലെ പ്രവർത്തിക്കുന്ന സംഘമാണ് ഇത്. തുടക്കത്തിൽ വാഗ്നർ സൈന്യത്തെ റഷ്യ തള്ളിപ്പറഞ്ഞുവെങ്കിലും യുക്രൈനിലെ കനത്ത പ്രഹരത്തോടുകൂടി റഷ്യയിൽ നിന്ന് പരസ്യമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് ഉൾപ്പെടെയുള്ള നടപടികളുമായി വാഗ്നർ സൈന്യം മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ആയിരത്തോളം പേരെ കഴിഞ്ഞ മാർച്ചിൽ മാത്രം വാഗ്നർ ഗ്രൂപ്പ് റിക്രൂട്ട് ചെയ്തതായി പാശ്ചാത്യരാജ്യങ്ങൾ വ്യക്തമാക്കുന്നു.
അടുക്കളക്കാരൻ രാജ്യത്തൊരു സൈന്യം രൂപികരിച്ചപ്പോൾ
2006ൽ, അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യൂ ബുഷ് അടക്കമുള്ളവർ ക്രെംലിൻ സന്ദർശിച്ച സമയത്ത് അടുക്കളയിൽ ഷെഫ് ആയിരുന്ന ആളാണ് പ്രിഗോസിൻ. വെറും ഷെഫ് എന്നതിൽ നിന്ന് പുതിന്റെ ഏറ്റവും അടുത്ത വിശ്വസ്തൻ എന്നതലത്തിലേക്ക് പിന്നീട് പ്രിഗോസിൻ വളരുകയായിരുന്നു.
2014ൽ യുക്രൈനിലെ റഷ്യക്കെതിരായ പ്രതിഷേധത്തിന് പിന്നാലെയാണ് പ്രിഗോസിൻ വാഗ്നർ സൈന്യം എന്ന ആശയത്തിൽ എത്തിച്ചേരുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം, റഷ്യയുടെ ഉന്നത സൈനികവൃത്തങ്ങൾ തന്നെയാണ് ഇത്തരത്തിൽ ഒരു അർധസൈന്യം രൂപീകരിച്ചതെന്നും അതിന്റെ തലപ്പത്ത് പ്രിഗോസിനെ നിയമിക്കുകയായിരുന്നുവെന്നും റഷ്യൻ അന്വേഷണാത്മക മാധ്യമമായ ദ ബൈൽ റിപ്പോർട്ട് ചെയ്യുന്നു. 2014ൽ ക്രൈമിയയിൽ റഷ്യ അധിനിവേശം നടത്തിയപ്പോൾ അത്ര ചെറിതല്ലാത്തൊരു വിജയ പങ്ക് വാഗ്നർ ഗ്രൂപ്പിനുള്ളതായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ക്രൈമിയയിൽ പലയിടങ്ങളിലായി വാഗ്നർ സൈന്യത്തെ നിയോഗിച്ചിരുന്നു. ഇത് റഷ്യയ്ക്ക് ഏറെ ഗുണം ചെയ്തു. യുക്രൈനിലും ഇത്തരത്തിലുള്ള പല വാഗ്നർ സൈനികരും ഒളിച്ചിരിപ്പുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യയിലും യുക്രൈനിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല വാഗ്നർ സൈന്യത്തിന്റെ പ്രവർത്തനം. ഇത് ആഗോളതലത്തിൽ തന്നെ പ്രവർത്തനമാരംഭിച്ചു. സിറിയയിലേക്കും മറ്റു പല രാജ്യങ്ങളിലേക്കും വാഗ്നർ സൈന്യം വ്യാപിക്കാൻ തുടങ്ങിയിരുന്നു. അഫ്ഗാനിസ്താൻ മുതൽ ഇൻഡൊനീഷ്യ മുതൽ വെനസ്വേല ഇങ്ങനെ തുടങ്ങി, ലോകത്തെ നാല് ഭൂഖണ്ഡങ്ങളിലായി മുപ്പതിലേറെ രാജ്യങ്ങളിൽ വാഗ്നർ സൈന്യം പ്രവർത്തിച്ചിരുന്നതായാണ് വിവരം. ആഫ്രിക്കയിലെ മാലിയിൽ ഇസ്ലാമിസ്റ്റുകൾക്ക് നേരെയുള്ള യുദ്ധത്തിനായി വാഗ്നർ ഗ്രൂപ്പിന്റെ സഹായമായിരുന്നു തേടിയിരുന്നത്. ഭൂരിഭാഗം പ്രവർത്തനങ്ങളും ആഫ്രിക്കയിൽ ആയിരുന്നുവെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് വ്യക്തമാക്കുന്നു. ലിബിയയിലെ ആഭ്യന്തര യുദ്ധത്തിലും വാഗ്നർ സൈന്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് മുൻ അമേരിക്കൻ നയതന്ത്രജ്ഞയെ ഉദ്ധരിച്ച് ഗ്രിഡ് റിപ്പോർട്ട് ചെയ്യുന്നു.
മനുഷ്യത്വമെന്നത് എന്തെന്നറിയാത്ത ഒരു കൂട്ടം സൈനികർ
മനുഷ്യജീവന് തെല്ലും വിലകൽപ്പിക്കാത്ത കൂട്ടമാണ് വാഗ്നർ സൈന്യം. നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് പലയിടങ്ങളിലും ഇവർ നടത്തി വന്നത്. 2015മുതൽ സിറിയ, 2016 മുതൽ ലിബിയ തുടങ്ങയിടങ്ങളിൽ ഇവർ സജീവമായി പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തൽ, 2017ൽ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ വജ്രഖനികൾക്ക് കാവലിരിക്കാനും ഇത്തരത്തിലുള്ള വാഗ്നർ സൈന്യത്തെയാണ് ഏൽപ്പിച്ചതെന്നാണ് വിവരം. മാലി സർക്കാർ രാജ്യത്തെ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ പ്രവർത്തിക്കാൻ ക്ഷണിച്ചതും വാഗ്നർ ഗ്രൂപ്പിനെയായിരുന്നുവെന്നാണ് വിവരം.
.jpg?$p=413a063&&q=0.8)
മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സാധാരണക്കാർക്കെതിരെ വാഗ്നർ സംഘങ്ങൾ കൂട്ട ബലാത്സംഗങ്ങളും കവർച്ചകളും കൂട്ടക്കൊലകളും നടത്തിയതായി ഐക്യരാഷ്ട്രസഭയും ഫ്രഞ്ച് സർക്കാരും മുമ്പ് ആരോപിച്ചിരുന്നു. ഇത്തരം പല ആരോപണങ്ങളും ഇവർക്കു മേൽ ആരോപിക്കപ്പെട്ടിട്ടുണ്ട്.
വാഗ്നർ സൈന്യത്തിന്റെ രഹസ്യം തേടിപ്പോയ മൂന്ന് മാധ്യമപ്രവർത്തകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ആറ് മാസം ജോലി പിന്നെ ജീവിതകാലം ഫ്രീ, കൈനിറയെ പണവും
ശീത യുദ്ധകാലത്തിന് ശേഷമാണ് സ്വകാര്യ ഉടമസ്ഥതയിലുള്ള സൈനിക കമ്പനികള്‍ വിവിധ രാജ്യങ്ങളില്‍ വേരോട്ടം തുടങ്ങിയത്. ഇത്തരം സൈനികര്‍ യുദ്ധമുഖത്ത് വളരെ മികവുറ്റവരാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കാരണം ഇവര്‍ സര്‍ക്കാരിന്റെ കീഴിലുള്ള സൈന്യത്തെ പോലെ നിരന്തരം അതിര്‍ത്തികളിലല്ല. പ്രത്യേക മിഷനുകള്‍ക്ക് ഇവരെ ഒരു നിശ്ചിത സമയത്തേക്ക് വിന്യസിക്കുകയാണ് ചെയ്യുന്നത്. മികച്ച പരിശീലനം ലഭിച്ച ഇവര്‍ മിഷന് വൃത്തിയായി ചെയ്ത് മടങ്ങും. അത്തരത്തിൽ ഒന്നായിരുന്നു വാഗ്നറും.
2014 സെപ്തംബർ 26-നായിരുന്നു പ്രിഗോസിന്റെ ആ പ്രഖ്യാപനം ഞെട്ടലോടെ ലോകം കേൾക്കുന്നത്, വാഗ്നർ ഗ്രൂപ്പിന്റെ രൂപീകരണം. സൈനിക ഗ്രൂപ്പ് ഇതുവരെ എവിടെയും രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് ബ്രിട്ടൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗ്രിഡ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഗ്രൂപ്പുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റുകളും മറ്റു പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ ഇപ്പോഴും പലകാര്യങ്ങളിലും പരസ്പര വിരുദ്ധമായി, അവ്യക്തമായിത്തന്നെ തുടരുകയാണ്.
യുക്രൈൻ യുദ്ധ സമയത്ത് വൻ വാഗ്ദാനങ്ങളാണ് റിക്രൂട്ട് ചെയ്യപ്പെട്ടവർക്ക് പ്രിഗോസിൻ നൽകിയത്. രാജ്യത്തിന് വേണ്ടി യുക്രൈനിൽ ആറ് മാസം ജോലി ചെയ്താൽ വെറുതെ വിടാം, പ്രതിമാസം 100,000 റൂബിൾ (1,33,819.81 ഇന്ത്യൻ രൂപ) ശമ്പളം എന്നായിരുന്നു ജയിൽപുള്ളികൾക്ക് വാഗ്നർ ഗ്രൂപ്പിന്റെ വാഗ്ദാനം. ഇതുകൂടാതെ യുദ്ധത്തിൽ മരിച്ചാൽ 'ഹീറോ ഓഫ് റഷ്യ' എന്ന ടൈറ്റിലും അഞ്ച് മില്യൺ റൂബിളും നൽകും. മരിച്ചവരുടെ ബന്ധുക്കളെ കണ്ടുപിടിച്ച് ഈ പണം അവരെ ഏൽപ്പിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ യാതൊരു തരത്തിലുള്ള രേഖകളിലും ഇത്തരത്തിൽ ഒന്നും പ്രതിപാതിക്കില്ലെന്നും പ്രിഗോസിന്റെ വാക്കാണ് സത്യം എന്നായിരുന്നു വാഗ്നർ സൈന്യത്തോടുള്ള വാഗ്ദാനമെന്ന് വേൾഡ് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു.
കാലങ്ങളായി ജയിൽപുള്ളികളായിട്ടുള്ളവർ വാഗ്നർ ഗ്രൂപ്പിന്റെ മോഹവാഗ്ദാനത്തിൽപെട്ട് റഷ്യയ്ക്കായി യുക്രൈനിൽ പോയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുക്രൈൻ സൈനികരെ ആരെങ്കിലും കൈയിൽ ലഭിച്ചാൽ അവരെ എന്ത് വേണമെങ്കിലും ചെയ്യാം എന്നായിരുന്നു പ്രിഗോസിൻ തന്റെ സൈന്യത്തോട് പറഞ്ഞത്.
അതേസമയം 2014ൽ യുക്രൈനെതിരേ പോരാട്ടത്തിന് മുമ്പിൽ ഉണ്ടായിരുന്ന ദിമിത്രി ഉത്കിനാണ് വാഗ്നർ സൈന്യം രൂപീകരിച്ചതെന്നും പ്രിഗോസിൻ അതിനുള്ള ഫണ്ടിങ് മാത്രമാണെന്നും അനൗദ്യോഗികമായ റിപ്പോർട്ടുകളും ഉണ്ട്. എന്ത് തന്നെ ആയാലും, റഷ്യൻ സൈന്യത്തിന് സൈനികരെ ആവശ്യമുള്ളപ്പോൾ, അല്ലെങ്കിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിക്കാത്ത ഓപ്പറേഷനുകൾക്കായി വാഗ്നർ സൈനികരുടെ സഹായം തേടുകയാണ് പതിവെന്ന് കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസർ കിംബെർല മാർട്ടിൻ പറയുന്നു.
റിക്രൂട്ടിലേറെയും എച്ച്.ഐ.വി. ഹെപ്പറ്റെറ്റിസ് ബാധിതർ
റിക്രൂട്ട് ചെയ്യപ്പെടുന്നവരിൽ ഭൂരിഭാഗവും എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് ബാധിതരായിരുന്നു. രോഗബാധിതരല്ലാത്തവരിൽ നിന്ന് ഇവരെ വേർതിരിച്ചറിയാൻ വേണ്ടി ഇത്തരത്തിലുള്ള രോഗബാധിതതരായ ആളുകൾക്ക് അടയാളങ്ങളും നൽകിയിരുന്നു. കൈകളിൽ വിവിധ നിറങ്ങളിലുള്ള വളകൾ ഇത്തരത്തിൽ രോഗബാധിതരായ ആളുകളെ ധരിപ്പിച്ചിരുന്നുവെന്ന് യുക്രൈനിലെ മിലിട്ടറി ഇന്റലിജൻസിന്റെ റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ചുവന്ന റിസ്റ്റ് ബാൻഡ് എച്ച്.ഐ.വി. പോസിറ്റീവും വെള്ള റിസ്റ്റ് ബാൻഡ് ഹെപ്പറ്റൈറ്റിസ് രോഗികളേയും ധിരിപ്പിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവർക്ക് -സൈന്യത്തിൽ ഉള്ള - ഇവരെ തിരിച്ചറിഞ്ഞിരുന്നതായാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്.
യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ സൈന്യബലം കുറയുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരത്തിലുള്ള തടവു പുള്ളികളെ കൂടി സൈന്യത്തിന്റെ ഭാഗമാക്കിയിരിക്കുന്നതെന്ന് സി.എൻ.എന്നിലെ മാധ്യമപ്രവർത്തകയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
തടവറയിലെ 'ദ ഷേയ്മ്ഡ്' (the Shamed) ...'
റഷ്യയിലെ തടവറയിലെ ഏറ്റവും അടിത്തട്ടിൽ നിരന്തര പീഡനങ്ങൾക്കിരയാകുന്ന ഒരു വിഭാഗമുണ്ടെന്നാണ് ദി ഡെയ്ലി ബീസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. 'ദ ഷേയ്മ്ഡ്' (the Shamed) എന്ന് അറിയപ്പെടുന്ന ഈ വിഭാഗത്തിൽ, ജയിലിൽ വെച്ച് ബലാത്സംഗത്തിന് ഇരയായ തടവുകാരും, സ്വവർഗാനുരാഗികളും, പകർച്ചവ്യാധികൾ ബാധിച്ചവരുമാണ് ഉൾപ്പെടുന്നത്. ഇവർ കൊടി പീഡനങ്ങൾക്കാണ് ഇരയാക്കപ്പെട്ടിരുന്നതെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്.
റഷ്യയിലെ നിലവിലെ ശിക്ഷാ സമ്പ്രദായം സോവിയറ്റ് കാലഘട്ടത്തിലെ ജയിൽ ജാതി വ്യവസ്ഥകളെ ഓർമ്മിപ്പിക്കുന്നതാണെന്നാണ് ഡെയ്ലി ബീസ്റ്റിന്റെ റിപ്പോർട്ടുകൾ. യുക്രൈനിലേക്ക് അയച്ചവരിൽ ഭൂരിഭാഗം പേരും ഇത്തരത്തിലുള്ള തടവുപുള്ളികളായിരുന്നുവെന്നാണ് ദി ഡെയ്ലി ബീസ്റ്റിന്റെ റിപ്പോർട്ട്. വെറും ഒരാഴ്ചത്തെ മാത്രം പരിശീലനത്തിന് ശേഷമാണ് ഇവരിൽ പലരേയും യുദ്ധമുഖത്തേക്ക് അയച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ.
Content Highlights: Yevgeny Prigozhin Putin's chef and founder of the brutal Wagner group
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..