വ്‌ളാദിമിർ പുതിൻ, ഷി ജിൻപിങ് (2022ലെ ചിത്രം) | Photo : AP
ബെയ്ജിങ്: റഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്റെ ക്ഷണം സ്വീകരിച്ച് മാര്‍ച്ച് 20 മുതല്‍ 22 വരെ ഷി ജിന്‍പിങ് റഷ്യയില്‍ സന്ദര്‍ശനം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷി റഷ്യാസന്ദര്‍ശനം നടത്തുന്നത്.
2019 ലാണ് ഷി അവസാനമായി റഷ്യയിലെത്തിയതെങ്കിലും കഴിഞ്ഞ കൊല്ലം ബീജിങ്ങില്‍ നടന്ന വിന്റര്‍ ഒളിമ്പിക്‌സിന്‌റെ ഉദ്ഘാടനച്ചടങ്ങിലും ഉസ്‌ബെക്കിസ്ഥാനില്‍ സെപ്റ്റംബറില്‍ നടന്ന പ്രാദേശിക സുരക്ഷാ സമ്മേളനത്തിലും ഇരുരാഷ്ട്രത്തലവന്‍മാരും കണ്ടുമുട്ടിയിരുന്നു.
റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള സമഗ്രപങ്കാളിത്തം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും തന്ത്രപ്രധാനമായ സഹവര്‍ത്തിത്വത്തെ കുറിച്ചും പുതിനും ഷി ജിന്‍പിങ്ങും ചര്‍ച്ച നടത്തുമെന്നാണ് ക്രെംലിന്‍ പ്രസിദ്ധീകരിച്ച പ്രസ്താവന നല്‍കുന്ന സൂചന. സുപ്രധാനമായ ഉഭയകക്ഷി രേഖകള്‍ ഒപ്പുവെച്ചേക്കുമെന്നും സൂചനയുണ്ട്. യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഒരുകൊല്ലം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശനമെന്നത് ശ്രദ്ധയാകര്‍ഷിക്കുന്നു. റഷ്യ-യുക്രൈന്‍ വിഷയത്തില്‍ ചൈന പക്ഷപാതഹരിത നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, ചൈനയുടെ ഈ നിലപാട് റഷ്യയ്ക്ക് അനുകൂലമായുള്ളതാണെന്ന് പാശ്ചാത്യരാജ്യങ്ങള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.
ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച 12-പോയന്റ് പൊസിഷന്‍ പേപ്പറില്‍ എല്ലാ രാജ്യങ്ങളുടേയും പ്രാദേശിക പരമാധികാരത്തെ ബഹുമാനിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി ഷി ജിന്‍പിങ് സംഭാഷണം നടത്തുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. റഷ്യയും യുക്രൈനും തമ്മില്‍ സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. എല്ലാവരും ശാന്തരാകുമെന്നും പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുമെന്നും സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും ചൈന പ്രത്യാശിക്കുന്നതായി യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുളെബയമായി നടത്തിയ ഫോണ്‍സംഭാഷണത്തില്‍ ചൈനീസ് വിദേശകാര്യമന്ത്രി ക്വിന്‍ ഗാങ് പറഞ്ഞു.
Content Highlights: Xi Jinping, Russia, Putin's Invitation, China
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..