ബെയ്ജിങ്: തീവ്രദാരിദ്ര്യം ഇല്ലായ്മ ചെയ്യുക എന്ന മനുഷ്യാദ്ഭുതം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. കുറഞ്ഞ സമയംകൊണ്ട് കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാന്‍ മറ്റൊരു രാജ്യത്തിനും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബെയ്ജിങ്ങില്‍ നടന്ന പ്രത്യേക പരിപാടിയില്‍വെച്ചാണ് ഷീ ജിന്‍പിങ് പ്രഖ്യാപനം നടത്തിയത്.

ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഒരു മനുഷ്യാദ്ഭുതമാണ് സംഭവിച്ചിരിക്കുന്നത്. ലോകത്തിലെ മറ്റു വികസ്വര രാജ്യങ്ങള്‍ക്കുമുന്നില്‍ ഈ ചൈനീസ് ഉദാഹരണം പങ്കുവെക്കുന്നു, ഷി ജിന്‍പിങ് പറഞ്ഞു. ദാരിദ്ര്യം ഇല്ലായ്മചെയ്യാന്‍ സാധിക്കാത്ത വികസ്വര രാജ്യങ്ങള്‍ക്ക് ചൈന സാഹയങ്ങള്‍ ചെയ്തുവരുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തീവ്ര ദാരിദ്ര്യം 2020ഓടെ ഇല്ലായ്മചെയ്യുമെന്ന് ജിന്‍പിങ് 2015ല്‍ പറഞ്ഞിരുന്നു. ചൈനയിലെ ജനങ്ങളുടെ പ്രതിദിന വരുമാനം 2.30 ഡോളറിന് മുകളില്‍ എത്തിക്കുക എന്ന ലക്ഷ്യം നേടിയതായി ചൈന കഴിഞ്ഞ വര്‍ഷം അവകാശപ്പെടുകയും ചെയ്തു.

ചൈനയുടെ അവകാശവാദം സംബന്ധിച്ച് വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉയരുന്നുമുണ്ട്. തീവ്രദാരിദ്ര്യം കണക്കാക്കുന്നതിന് സ്വീകരിച്ച മാനദണ്ഡം എന്തെന്ന ചോദ്യം ഉയരുന്നു. കൂടാതെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഔദ്യോഗിക കണക്കുകളില്‍ തിരിമറി നടത്തിയുള്ള അവകാശവാദമാണിതെന്ന വിമര്‍ശനവും ഉന്നയിക്കപ്പെടുന്നുണ്ട്.

Content Highlights: Xi Jinping Declares China Created "Human Miracle" Of Eliminating Extreme Poverty