
പ്രതീകാത്മക ചിത്രം | Photo: AP
ബെയ്ജിങ്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ തരം വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' (NeoCoV) എന്ന പുതിയതരം വൈറസ് അതിമാരകമാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക്ക് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം വുഹാന്‍ ഗവേഷകരുടേത് വ്യാജ പ്രചാരണമാണെന്ന് ചൂണ്ടക്കാട്ടി മറ്റു ഗവേഷകരും രംഗത്തെത്തിയിട്ടുണ്ട്. വവ്വാലുകളില്‍നിന്ന് നിയോകോവ് വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള യാതൊരു സാധ്യതയും നിലവില്ലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ലബോറട്ടറി പരീക്ഷണങ്ങളില്‍ ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗവേഷകര്‍ പറയുന്നു.
2012-ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മെര്‍സ് കോവ് (MERSCoV) വൈറസുമായി ഇതിന് ബന്ധമുണ്ടെന്നാണ് വുഹാന്‍ ഗവേഷകരുടെ വാദം. സാര്‍സ് കോവ്-2 (SARSCoV2)വിനു സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്കു ഇതു കാരണമാകുമെന്നും അവര്‍ പറയുന്നുവെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
നിലവില്‍ ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. പുതിയ പഠനങ്ങള്‍ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180കോവും മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വുഹാന്‍ ഗവേഷകര്‍ പറയുന്നത്.
മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ വൈറസിന് ഒരൊറ്റ രൂപാന്തരം മാത്രമേ ആവശ്യമുള്ളു എന്ന് വുഹാന്‍ യൂണിവേഴ്സിറ്റിയിലേയും ചൈനീസ് അക്കാദമി ഓഫ് സയന്‍സിലേയും ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യന്‍ വൈറോളജി ആന്റ് ബയോടെക്നോളജി റിസര്‍ച്ച് സെന്റര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlights: Wuhan Scientists Warn of New Coronavirus 'NeoCov' With High Death Rate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..