മൊണ്ടെവിദെയോ മാറു | Photo : AFP
വാഷിങ്ടണ്‍: രണ്ടം ലോകമഹായുദ്ധകാലത്ത് ആയിരത്തിലധികം യുദ്ധത്തടവുകാരുമായി മുങ്ങിത്താണ ജാപ്പനീസ് കപ്പല്‍ കണ്ടെത്തി. ഓസ്‌ട്രേലിയന്‍ പ്രതിരോധവകുപ്പും സൈലന്റ് വുഡ് ഫൗണ്ടേഷനിലെ പുരാവസ്തുഗവേഷകരും ഡച്ച് കമ്പനിയായ ഫുഗ്രോവിലെ ആഴക്കടല്‍ മുങ്ങല്‍വിദഗ്ധരും ചേര്‍ന്ന സംയുക്തസംഘം രണ്ടാഴ്ചയോളം നടത്തിയ പര്യവേക്ഷണത്തിലൊടുവിലാണ് മൊണ്ടെവിദെയോ മാറു എന്ന യാത്രാക്കപ്പല്‍ കണ്ടെത്തിയത്. 14 രാഷ്ട്രങ്ങളില്‍ നിന്നുള്ള 1,080 ഓളം ആളുകളാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 979 പേര്‍ ഓസ്‌ട്രേലിയന്‍ പൗരരായിരുന്നു.
1942 ജൂലായ് ഒന്നിന് അമേരിക്കന്‍ അന്തര്‍വാഹിനി സ്റ്റര്‍ജിയോണിനില്‍ നിന്നുള്ള ടോര്‍പിഡോ ആക്രമണമാണ് കപ്പല്‍ച്ചേതത്തിനിടയാക്കിയത്. കപ്പലിലുണ്ടായിരുന്ന പലരുടേയും വ്യക്തിവിവരം ഇപ്പോഴും അജ്ഞാതമായിത്തന്നെ തുടരുകയാണ്. പാപുവ ന്യൂ ഗിനിയില്‍ നിന്ന് ജപ്പാന്‍ തടവിലാക്കിയവരായിരുന്നു കപ്പലില്‍. കപ്പലില്‍ യുദ്ധത്തടവുകാരാണെന്ന സൂചന കപ്പലിന്റെ മുകളില്‍ രേഖപ്പെടുത്തിയിരുന്നില്ല. കപ്പലിലുണ്ടായിരുന്നത് ജപ്പാന്റെ തടവുകാരാണെന്ന യഥാര്‍ഥ്യമറിയുന്നതുവരെ ജപ്പാന്‍ കപ്പലിനെതിരെ നടത്തിയ ആക്രമണം വന്‍നേട്ടമായാണ് അമേരിക്ക കരുതിയിരുന്നത്. കപ്പല്‍ കണ്ടെത്തിയതോടെ 81 കൊല്ലം മുമ്പ് മരിച്ച ആയിരത്തിലധികം പേരുടെ വിവരങ്ങള്‍ക്ക് സമീപത്താണ് തങ്ങളിപ്പോള്‍ നില്‍ക്കുന്നതെന്ന് പര്യവേക്ഷകസംഘത്തിലെ വിദഗ്ധര്‍ പറയുന്നു.
ഫിലിപ്പീന്‍സിലെ ലൂസോണ്‍ ദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ സമുദ്രമേഖലയിലാണ് മൊണ്ടെവിദെയോ മാറുവിനെ കണ്ടെത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 4,000 മീറ്ററിലധികം (13,000 അടി) താഴ്ചയിലായിരുന്നു കപ്പല്‍. ഓസ്‌ട്രേലിയയുടെ നാവികചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിന് ഇതോടെ അന്ത്യമായതായി ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലിസ് ട്വിറ്ററിലൂടെ പ്രതികരിച്ചു. കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താതെയിരുന്നതിനാല്‍ കപ്പല്‍അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇപ്പോഴും പൂര്‍ണമാകാതെ തുടരുകയാണെന്നും മാര്‍ലിസ് കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ ആദ്യവാരത്തിലാണ് കപ്പിലാനായുള്ള തിരച്ചിലാരംഭിച്ചത്. രണ്ടാഴ്ചക്കാലത്തിനുള്ളില്‍ കപ്പല്‍ കണ്ടെത്തുകയും മൊണ്ടെവിദെയോ മാറുവാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. കപ്പിലിനുള്ളിലെ ഭൗതികാവശിഷ്ടങ്ങളോ മറ്റോ നീക്കുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് സൈലന്റ് വുഡ് ഫൗണ്ടേഷന്‍ അറിയിച്ചു. അപകടത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായാണതെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി. കപ്പല്‍ച്ചേതത്തില്‍ മരിച്ച എല്ലാവരും രാജ്യത്തിനായി സേവനമനുഷ്ഠിച്ചവരാണെന്നും അവര്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് ട്വീറ്റ് ചെയ്തു.
Content Highlights: World War II ship found after 80 years, Montevideo Maru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..