വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ഗുഹാവര്‍ണ്ണചിത്രം (cave painting) പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. കുറഞ്ഞത് 45,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരച്ച് നിറം കൊടുത്ത കാട്ടുപന്നിയുടെ ചിത്രം ഇന്തോനേഷ്യയിലെ ഗുഹയിലാണ് കണ്ടെത്തിയത്.
പ്രദേശത്തെ മനുഷ്യവാസത്തിന്റെ ആദ്യ തെളിവുകള്‍ നല്‍കുന്നതാണ് ഈ ചിത്രമെന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
"ഇന്തോനീഷ്യന്‍ അധികൃതരുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ ഗവേഷക വിദ്യാര്‍ഥിയായ ബസ്രാന്‍ ബുഹ്‌റാന്‍ ആണ് ഈ ചിത്രം ആദ്യമായി കണ്ടെത്തുന്നത്. 2017ല്‍ സുലവേസി ദ്വീപില്‍ വെച്ചാണ് ചരിത്രപ്രാധാന്യമുള്ള ഈ ചിത്രം കണ്ടെടുക്കുന്നത്", ഗ്രന്ഥകര്‍ത്താവായ മാക്സിം ആബര്‍ട്ട് പറഞ്ഞു.
ചുണ്ണാമ്പുപാറകളാൽ ചുറ്റപ്പെട്ടാണ് ലിയാങ് ടെഡോങ്ഗെ ഗുഹ സ്ഥിതിചെയ്യുന്നത്. ഈ ഗുഹയില്‍ നിന്നാണ് അതിപുരാതനമായ ഗുഹാചിത്രം കണ്ടെത്തിയത്. വെള്ളപ്പൊക്കപ്രദേശമായതിനാല്‍ മഴക്കാലത്ത് ഇവിടെ എത്തിപ്പെടാന്‍ സാധിക്കില്ല.
ചിത്രത്തിലെ 136 * 54 സെന്റീമീറ്റര്‍ (53 * 21 ഇഞ്ച്) വലുപ്പമുള്ള പന്നിക്ക് കടും ചുവപ്പ് ചായമാണ് നല്‍കിയിരിക്കുന്നത്. സുലെവെസി വാര്‍ട്ടി പിഗ് ഇനമാണ് ഇത്. രോമാവൃതമായ മുതുകും കൊമ്പുപോലുള്ള മുഖത്തെ രണ്ട് അരിമ്പാറകളുമാണ് ഈ പന്നിയുടെ സവിശേഷത. കൈപത്തിയുടെ രണ്ട് ചിത്രങ്ങളും പന്നിചിത്രത്തിന്റെ സമീപത്തായി കാണാം. അതേ ചുമരില്‍ തന്നെ മറ്റ് രണ്ട് പന്നി ചിത്രങ്ങളുണ്ടെങ്കിലും അവയുടെ ഭൂരിഭാഗവും മാഞ്ഞുപോയിരുന്നു.
പതിനായിരക്കണക്കിന് വര്‍ഷങ്ങളോളം മനുഷ്യര്‍ ഈ പന്നികളെ വേട്ടയാടിയിട്ടുണ്ട്, ഈ പ്രദേശത്തെ ചരിത്രാതീത കലാസൃഷ്ടികളുടെ പ്രധാന സവിശേഷതയാണ് ഈ പന്നികളുടെ സാന്നിധ്യമുള്ള ചിത്രങ്ങള്‍. പ്രത്യേകിച്ച് ഹിമയുഗ കാലഘട്ടത്തിലെ.
"ഈ ചിത്രം രചിച്ച ആളുകള്‍ പൂര്‍ണ്ണമായും ആധുനികരാണ്, അവര്‍ നമ്മെപ്പോലെയായിരുന്നു, ഇഷ്ടമുള്ള ചിത്രം വരക്കാനുള്ള ശേഷിയും ഉപകരണങ്ങളും എല്ലാം അവര്‍ക്കുണ്ടായിരുന്നു", ചിത്രത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിച്ച ആബെര്‍ട്ട് പറയുന്നു.
സുലവേസിയില്‍ നിന്നു തന്നെയാണ് ഇതിന് മുമ്പ് രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കമേറിയ ഗുഹാചിത്രം കണ്ടെത്തുന്നത്. സസ്തനികളെ വേട്ടയാടുന്നത് ചിത്രീകരിച്ച ആ ചിത്രത്തിന് കുറഞ്ഞത് 43,900 വര്‍ഷം പഴക്കമുണ്ടായിരുന്നു.
content highlights: World's Oldest Cave Painting Found, Made 45,500 Years Ago