ഹോങ്കോങ്: ലോകത്തെ ഏറ്റവും നീളം കൂടിയ കടല്‍ പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഹോങ്കോങിനെയും മക്കാവുവിനെയും ചൈനീസ് നഗരമായ സുഹായ്യുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 55 കിലോമീറ്ററാണ് നീളം. ചൊവ്വാഴ്ച രാവിലെ സുഹായ്യില് നടന്ന ചടങ്ങില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ആണ് പാലം ലോകത്തിന് സമര്‍പ്പിച്ചത്.
20 ബില്യണ്‍ യു.എസ് ഡോളര്‍ ചിലവഴിച്ച് നിര്‍മിച്ച പാലം ഒമ്പത് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. ബുധനാഴ്ച മുതല്‍ പാലത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാം. 2016ല്‍ പാലം പൂര്‍ത്തിയാക്കാന്‍ ആണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പലകാരണങ്ങള്‍ മൂലം ഇത് നീണ്ട് പോവുകയായിരുന്നു. ഈ നഗരങ്ങള്‍ തമ്മിലുള്ള യാത്രക്ക് നിലവില്‍ മൂന്ന് മണിക്കൂറോളം സമയം എടുത്തിരുന്നത് ഇനി അരമണിക്കൂറായി കുറയും.

സ്ഥിര യാത്രക്കാരേയും വിനോദ സഞ്ചാരികളെയും ലക്ഷ്യമിട്ടാണ് പാലം നിര്‍മിച്ചിരിക്കുന്നത്. അതിസാഹസികമായി നടന്ന പാലത്തിന്റെ നിര്‍മ്മാണത്തിനിടെ അനേകം തൊഴിലാളികള്‍ മരണപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂകമ്പങ്ങളെയും ചുഴലിക്കാറ്റുകളെയും അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മ്മിതി.
400,000 ടണ്‍ സ്റ്റീലാണ് പാലത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാവര്ക്കും ഈ പാലത്തിന് മുകളിലൂടെ വാഹനം ഓടിക്കാന്‍ കഴിയില്ല. സ്വകാര്യ വാഹനങ്ങള്‍ കര്‍ശന നിയന്ത്രണത്തോടുകൂടി നേരത്തെ അനുമതി വാങ്ങിയാല്‍ മാത്രമേ പാലത്തില്‍ കയറാന്‍ കഴിയുകയുള്ളു.
എന്നാല്‍ സ്വകാര്യ ബസുകള്‍ പാലത്തിലൂടെ സര്‍വീസ് നടത്തും. റെയില്‍വേ ട്രാക്കുകള്‍ പാലത്തില്‍ ഇല്ല. പാലത്തിന്റെ നിര്‍മ്മാണം അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു. ഇത്ര ഭീമന് തുക നിര്‍മാണത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു ആദ്യ വിവാദം. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പുറമെ പരിസ്ഥിതി പ്രവര്‍ത്തകരും പാലത്തിനെതിരെ രംഗത്തെത്തിയിരുന്നു. ലോകത്ത് അത്യപൂര്‍വമായ ചൈനീസ് വെള്ള ഡോള്‍ഫിനുകളുടെ വാസസ്ഥലമായ ഈ പ്രദേശത്ത് ഈ പാലം വരുന്നത് അവയുടെ ജീവനുകള്‍ക്ക് ഭീഷണിയാവും എന്നായിരുന്നു ഇവരുടെ വാദം.

വര്‍ഷം 86 മില്യണ്‍ യു.എസ് ഡോളര്‍ ടോള്‍ വരുമാനം പാലത്തില്‍ നിന്ന് ഉണ്ടാവുമെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വരുമാനത്തിന്റെ വലിയൊരു ശതമാനം തുക പാലത്തിന്റെ പരിപാലത്തിനായി വിനിയോഗിക്കേണ്ടി വരുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. അതിനാല്‍ തന്നെ കൂറ്റന്‍ 'വെള്ളാന' എന്നാണ് വിമര്‍ശകര്‍ പാലത്തിന് നല്‍കിയിരിക്കുന്ന വിളിപ്പേര്.
content highlights: World's longest sea crossing bridge opens