കാവനെ പ്രത്യേക കൂട്ടിൽ കയറ്റി കൊണ്ടു പോകുന്നു | Photo : AFP
ഇസ്ലാമാബാദ്: 'ഞങ്ങള്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുകയായിരുന്നു, ഈയൊരു നിമിഷത്തിനായി സ്വപ്നം കാണുകയായിരുന്നു, അവസാനം അതു കണ്ടു, കാവന് ഈ മൃഗശാലയില്‍നിന്ന് പുറത്തിറങ്ങി, ഇനിയവന് എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാകും, അവനിപ്പോള്‍ സ്വതന്ത്രനാണ്.' ഏകാന്തവാസത്തില്‍നിന്ന് മോചനം നേടി പാകിസ്താനില്‍നിന്ന് കംബോഡിയയിലേക്കുള്ള കാവന് എന്ന ആനയുടെ യാത്രയെ കുറിച്ച് പോപ്പ് സംഗീതദേവത എന്നറിയപ്പെടുന്ന ഓസ്കര് ജേത്രി കൂടിയായ ഷെറിലിന് സര്‍കിഷിയാന്‍(ഷേര്‍) മാധ്യമങ്ങളോട് പറഞ്ഞു.

പരിസ്ഥിതി പ്രവര്‍ത്തകരുടേയും മൃഗസ്നേഹികളുടേയും വര്‍ഷങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കും നിര്ദേശങ്ങള്ക്കുമൊടുവിലാണ് കാവന്റെ ഏകാന്തവാസം അവസാനിച്ചത്. പാകിസ്താനില്‍നിന്ന് കാവനെ കംബോഡിയയിലെ വന്യജീവി സംരക്ഷണകേന്ദ്രത്തിലാണ് എത്തിക്കുക. മുപ്പത്താറുകാരനായ കാവന് 'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആന'യെന്നാണ് കോടതി കണ്ടെത്തിയത്. 2015-ലാണ് ആദ്യമായി കാവന്റെ ദുരിതസ്ഥിതി വ്യക്തമാക്കി മാധ്യമവാര്‍ത്ത പുറത്തു വന്നത്.
ചങ്ങലയ്ക്കുള്ളില്‍ ബന്ധിക്കപ്പെട്ടുള്ള കാവന്റെ ജീവിതത്തെ കുറിച്ചറിഞ്ഞ ഷേര്‍ 2016-ല്‍ കാവന് വേണ്ടി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണപ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് ലക്ഷത്തോളം പേര് ഒത്ത് ചേര്‍ന്ന് ആ കൊല്ലം ഒരു നിവേദനം സമര്‍പിക്കുകയും ചെയ്തു. ഇടുങ്ങിയ സ്ഥലത്ത്, നല്ല രീതിയില്‍ ശ്വാസം പോലുമെടുക്കാനാവാതെ നാല്പത് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ശരീരം തണുപ്പിക്കുന്ന വിധത്തില്‍ കുളിക്കാന്‍ പോലുമാകാതെ കഴിയുന്ന കാവന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശബ്ദമുയര്‍ന്നു.

ഒടുവില്‍ 2020 മേയ് 21-ന് ഇസ്ലാമാബാദ് ഹൈക്കോടതി കാവനെ മോചിപ്പിക്കണമെന്ന് വിധിയെഴുതി. മുപ്പത് ദിവസത്തിനുള്ളില്‍ കാവനെ പുനരധിവസിപ്പിക്കാന്‍ സാധിക്കുന്ന ഇടത്തെ കുറിച്ച് ശ്രീലങ്കയോടാലോചിച്ച് തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശം നല്കി. കാവനെ മോചിപ്പിക്കാനുള്ള തീരുമാനത്തെ തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമാണെന്നാണ് ഷേര്‍ വിശേഷിപ്പിച്ചത്. പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ പ്രതീകമായി ശ്രീലങ്ക സമ്മാനിച്ച ആനയാണ് കാവന്.
കാവനെ മരുന്ന് നല്കി മയക്കി പ്രത്യേകമായി രൂപകല്പന ചെയ്ത കൂട്ടിലാക്കി ലോറിയില്‍ കയറ്റിയാണ് ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ എത്തിച്ചത്. റഷ്യന്‍ യാത്രാവിമാനത്തിലാണ് കാവന്റെ കംബോഡിയയിലേക്കുള്ള യാത്ര. ദീര്‍ഘദൂര യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ജംബോ ജെറ്റ് ഇറങ്ങും. കാവന്റെ യാത്രയുടെ തയ്യാറെടുപ്പുകള്‍ കാണാന്‍ ദിവസങ്ങളായി ഷേര്‍ പാകിസ്താനിലാണ്. കംബോഡിയയിലെത്തുന്ന കാവനെ സ്വീകരിക്കാന്‍ ഷേര്‍ അങ്ങോട്ടേക്ക് തിരിച്ചു. കാവന്റെ മോചനത്തിന് ഇടയാക്കിയ ഷേറിന് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് നന്ദിയറിച്ചു.
പതിനായിരം ഹെക്ടര്‍ വിസ്തൃതമായ കംബോഡിയയിലെ വന്യജീവി സങ്കേതത്തില്‍ ഒരു ഭാഗത്തായായാണ് കാവനെ ആദ്യം താമസിപ്പിക്കുക. അവിടെയുള്ള മറ്റാനകളെ കണ്ട് പരിചയമായ ശേഷം കാവനെ സ്വതന്ത്രനാക്കും. അവിടെ അവനെ കാത്തിരിക്കുന്ന ഒരു പാട് സുഹൃത്തുക്കളുണ്ട്. 2012-ല്‍ കൂട്ടുകാരിയുടെ മരണത്തെ തുടര്‍ന്നാണ് കാവന് തീര്‍ത്തും ഒറ്റപ്പെട്ടത്. പിന്നീട് പാകിസ്താനില്‍ അവശേഷിച്ച ഏക ആനയായിരുന്നു കാവന്. കംബോഡിയയില്‍ കാവന് പുതിയ പങ്കാളിയെ കണ്ടെത്താനാവുമെന്ന സന്തോഷം പാക് മന്ത്രി മാലിക് അമീന് പങ്കുവെച്ചു.
Content Highlights: World's Loneliest Elephant Kaavan Leaves Pakistan For Retirement In Cambodia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..