ടോക്കിയോ: കൃഷിപ്പണി ചെയ്യാനും റോബോട്ടുകള്‍. റോബോട്ടുകള്‍ പൂര്‍ണമായും കൃഷിപ്പണികള്‍ ചെയ്യുന്ന ലോകത്തിലെ ആദ്യ ഫാം ജപ്പാനില്‍ ഒരുങ്ങുന്നു. പച്ചടിച്ചീരകള്‍ വളര്‍ത്തുന്ന ടോക്കിയോയിലെ ഈ ഫാം  യന്ത്രമനുഷ്യരാല്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടികള്‍ അവസാനഘട്ടത്തിലാണ്. ഫാമിലെ എല്ലാ പ്രവര്‍ത്തികളും ചെയ്യുക ഇനി ഈ യന്ത്രമനുഷ്യരായിരിക്കും. വെള്ളം നനയ്ക്കുന്നതും വളവുമിടുന്നതും വിളവെടുക്കുന്നതുമെല്ലാം ഇനി റോബോട്ടിന്റെ കൈകളിലൂടെ. 

2017 ന്റെ പകുതിയോടെ ഫാം യന്ത്രമനുഷ്യരുടെ കയ്യിലെത്തുമെന്നാണ് കരുതുന്നത്. റോബോട്ടുകള്‍ പണി ഏറ്റെടുക്കുന്നതോടെ ദിവസവും 30,000 ചീരകള്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. 4,400 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പച്ചടിച്ചീരകള്‍ വളര്‍ത്തുക. 

World’s first ‘robot-run’ farm set to open in Japan

ഫാമില്‍ വിത്തിടുന്നതൊഴികെയുള്ള എല്ലാ കാര്യങ്ങളും റോബോട്ട് ചെയ്യും. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വിളവെടുക്കുന്നതുവരെ മറ്റ് ഒരു പ്രവര്‍ത്തനങ്ങളിലും ഇവിടെ ഇനി മനുഷ്യനെ ആവശ്യമുണ്ടാകില്ല. മനുഷ്യര്‍ ചെയ്യുമ്പോഴുണ്ടാകുന്നതിനേക്കാള്‍ മൂന്നിലൊന്നായി ചിലവ് ചുരുക്കാനിതുവഴി സാധിക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഇത് കീടനാശിനികള്‍ ഉപയോഗിക്കാതെയുള്ള കൃഷിരീതിയായിരിക്കുമെന്നും മറ്റേതു ഫാമില്‍നിന്ന് ലഭിക്കുന്നതിനേക്കാളും മികച്ച വിളവുകളായിരിക്കും ഈ ഫാമിലേതെന്നും ഇവര്‍ വാക്ക് നല്‍കുന്നുണ്ട്.

യന്ത്രമനുഷ്യരെ ഉപയോഗിക്കുന്നതുവഴി ജോലിക്കാരുടെ ദൗര്‍ലഭ്യം പരിഹരിക്കാനാകുമെന്നും അതുവഴി കാര്‍ഷികരംഗത്ത് പുതിയൊരു മുന്നേറ്റത്തിന് വഴിയൊരുങ്ങുമെന്നുമാണ് ജപ്പാന്റെ പ്രതീക്ഷ.