സെൻട്രൽ ലണ്ടനിലെ ഒക്‌സ്‌ഫോർഡ് സ്ട്രീറ്റ്| File Photo: AFP
ലണ്ടന്‍: ആഴ്ചയില്‍ നാലുദിവസം മാത്രം ജോലിയെന്ന പുതിയ തൊഴില്‍ക്രമ സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി യു.കെയിലെ സ്ഥാപനങ്ങള്‍. തിങ്കളാഴ്ച മുതലാണ് ആഴ്ചയില്‍ നാലുദിവസം മാത്രം ജോലിയെന്ന സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്.
യു.കെയിലെ ചെറുതും വലുതുമായ എഴുപതോളം കമ്പനികളിലെ 3,300 ജീവനക്കാരാണ് പുതിയ തൊഴില്‍ക്രമത്തില്‍ ജോലി ചെയ്യുക. ആറുമാസമാണ് ഈ പരീക്ഷണപദ്ധതിയുടെ കാലയളവ്. തൊഴില്‍ ചെയ്യുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും ജീവനക്കാരുടെ ശമ്പളത്തില്‍ കുറവൊന്നും വരില്ല.
സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ മുതല്‍ കൊച്ചു റെസ്റ്റോറന്റുകള്‍ വരെ ഈ 'നാലുദിവസ ജോലിക്രമ പരീക്ഷണ'ത്തില്‍ പങ്കാളികളാകുന്നുണ്ട്. 100:80:100 മോഡല്‍ എന്നാണ് ഈ തൊഴില്‍ക്രമ മാതൃക അറിയപ്പെടുന്നത്. നൂറുശതമാനം ശമ്പളം, സാധാരണ ആഴ്ചയിലേതിനെ അപേക്ഷിച്ച് എണ്‍പതു ശതമാനം ജോലി, നൂറുശതമാനം ഉത്പാദന ക്ഷമത എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നാലുദിവസ തൊഴില്‍ക്രമത്തിനു വേണ്ടി വാദിക്കുന്ന 4 ഡേ വീക്ക് ഗ്ലോബല്‍, 4 ഡേ വീക്ക് യു.കെ. കാമ്പയിന്‍ എന്നിവരാണ് ഈ പരീക്ഷണം നടപ്പാക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ബോസ്റ്റണ്‍ കോളേജില്‍നിന്നുമുള്ള ഗവേഷകരും ഈ പരീക്ഷണാടിസ്ഥാന പദ്ധതിയോടു സഹകരിക്കുന്നുണ്ട്.
ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇത്രയുമധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നാലുദിവസം മാത്രം ജോലി എന്ന തൊഴില്‍ക്രമം പരീക്ഷിക്കുന്നത്. മുന്‍പ് 2015-നും 2019-നും ഇടയില്‍ പൊതുമേഖലയിലെ 2,500 ജീവനക്കാരെ ഉള്‍പ്പെടുത്തി ഐസ് ലാന്‍ഡാണ് അന്നുവരെയുള്ളതിലെ ഏറ്റവും വലിയ പരീക്ഷണം നടത്തിയത്. പഠനത്തില്‍ ഉത്പാദനക്ഷമതയില്‍ യാതൊരു കുറവും കണ്ടെത്താനായില്ല. ഇക്കൊല്ലം അവസാനത്തോടെ നാലുദിവസം മാത്രം ജോലി എന്ന സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനൊരുങ്ങുകയാണ് സ്‌പെയിനും സ്‌കോട്‌ലന്‍ഡും.
Content Highlights: world's biggest four-day work week pilot begins
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..