യുണൈറ്റഡ് നേഷന്‍സ്: വാക്‌സിന്‍ പരീക്ഷണങ്ങള്‍ അനുകൂലഫലം നല്‍കിത്തുടങ്ങിയതിനാല്‍ കോവിഡിന്റെ പരിസമാപ്തിയ്ക്കായി ലോകത്തിന് സ്വപ്‌നം കാണാനാരംഭിക്കാമെന്ന് ലോകാരോഗ്യസംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ്. എന്നാല്‍, വാക്‌സിനുകള്‍ക്കായുള്ള കൂട്ടയോട്ടത്തിനിടയില്‍ ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ ചവിട്ടിയമര്‍ത്തരുതെന്നും തെദ്രോസ് അദനോം കൂട്ടിച്ചേര്‍ത്തു. 

'വൈറസിനെ നമുക്ക് എന്നന്നേക്കുമായി നശിപ്പിക്കാം. പക്ഷെ അതിലേക്കുള്ള പാത അപകടകരവും അവിശ്വനീയവുമാണ്. മനുഷ്യത്വത്തിന്റെ നന്മയും ഏറ്റവും മോശമായ വശവും കോവിഡ് കാലം നമുക്ക് കാണിച്ചു തന്നു. സഹാനുഭൂതിയും നിസ്വാര്‍ഥതയും നിറഞ്ഞ പ്രചോദനപരമായ പ്രവൃത്തികളും, ഗവേഷണങ്ങളുടേയും പുത്തന്‍ ആവിഷ്‌കാരങ്ങളുടേയും അദ്ഭുതാവഹമായ നേട്ടങ്ങളും കോവിഡ് കാലത്തുണ്ടായി എന്നാല്‍ അതോടൊപ്പം തന്നെ സ്വാര്‍ഥതാത്പര്യങ്ങളുടേയും പഴിചാരലുകളേയും ഭിന്നതയുടേയും കാഴ്ചകളും നാം കണ്ടു'. തെദ്രോസ് അദനോം പറഞ്ഞു. 

'ഗൂഢാലോചനയുടെ തന്ത്രങ്ങള്‍ കാരണം ശാസ്ത്രം പിന്തള്ളപ്പെട്ട, ഭിന്നതയുടെ സ്വരം ഐക്യദാര്‍ഢ്യത്തെ തകര്‍ത്ത, സ്വര്‍ഥതാത്പര്യം ത്യാഗത്തെ മറികടന്ന ചിലയിടങ്ങളില്‍ വൈറസ് കൂടുതല്‍ ശക്തി പ്രാപിക്കുകയും വ്യാപിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു'. പ്രത്യേകമായി പേര് എടുത്തു പറയാതെ രോഗവ്യാപനവും മരണസംഖ്യയും വര്‍ധിക്കുന്ന രാജ്യങ്ങളെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. 

കോവിഡ് കാലത്തുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തിന് മുന്നോട്ട് പോകണമെന്നും ഉത്പാദനത്തിന്റേയും ഉപഭോഗത്തിന്റേയും മുമ്പുണ്ടായിരുന്ന അതേ നിലയിലേക്കും ശൈലിയിലേക്കും തിരിച്ചെത്തണമെന്നും തെദ്രോസ് അദനോം ആവശ്യപ്പെട്ടു. സ്വകാര്യസ്വത്തായി കാണാതെ വാക്‌സിന്‍ സൗകര്യം ലോകത്തെ എല്ലായിടത്തും സമാനരീതിയില്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കോവിഡ് പ്രതിസന്ധിയുടെ പരിസമാപ്തിയിലേക്കാണ് നാം നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Content Highlights: World can start dreaming of pandemic's end UN health chief Tedros Adhanom Ghebreyesus