%20(1).jpg?$p=a23bb03&f=16x10&w=856&q=0.8)
വ്ളാദിമിർ പുതിൻ |ഫോട്ടോ:AFP
കീവ്: യുക്രൈന് ആയുധം താഴെവെക്കുകയും റഷ്യ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയും ചെയ്യുംവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് റഷ്യന്‍ വ്ളാഡിമിര്‍ പുതിന്. എല്ലാം മുന്‍നിശ്ചയിച്ച പദ്ധതി പ്രകാരം മുന്നോട്ടുപോകുമെന്നും പുതിന് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാണമെന്ന് ആവശ്യപ്പെട്ട് ടെലിഫോണില്‍ സംസാരിച്ച തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്ദോഗനോടാണ് പുതിന് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ, യുക്രൈനിലെ ജനവാസ മേഖലകളെ റഷ്യ ലക്ഷ്യമിടുന്നതായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജന്‍സ് പറഞ്ഞിരുന്നു. ഹാര്‍കിവ്, ചെര്‍നിഹിവ്, മരിയുപോള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളിലെ ജനവാസമേഖലകളെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണമെന്നും ഇന്റലിജന്‍സ് ആരോപിച്ചു.
യുക്രൈന് സൈന്യം തീര്‍ക്കുന്ന പ്രതിരോധത്തിന്റെ ശക്തി റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റത്തെ മന്ദഗതിയിലാക്കുകയാണെന്നും അവര്‍ അവകാശപ്പെടുന്നു. 'യുക്രൈനിയന്‍ പ്രതിരോധത്തിന്റെ അളവും ശക്തിയും റഷ്യയെ അത്ഭുതപ്പെടുത്തുന്നത് തുടരുകയാണ്', ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജന്‍സ് ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
റഷ്യന്‍- യുക്രൈന് യുദ്ധത്തെ തുടര്‍ന്നുള്ള അഭയാര്‍ത്ഥി പ്രവാഹം രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്നമാണെന്ന് യു.എന്നും പറഞ്ഞിരുന്നു. യുക്രൈനില്‍ നിന്ന് 10 ദിവസത്തിനുള്ളില്‍ 15 ലക്ഷം അഭയാര്‍ത്ഥികള്‍ അയല്‍രാജ്യങ്ങളിലേക്ക് കടന്നുവെന്ന് യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..