സെർജി ലവ്റോവ് | ഫോട്ടോ: എ.എഫ്.പി
മോസ്‌കോ: യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നീക്കം, സമാധാന ചര്‍ച്ചകള്‍ക്കുവേണ്ടി നിര്‍ത്തിവെക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ്. യുക്രൈനുമായി ചര്‍ച്ചകള്‍ തുടരുമെന്നും റഷ്യയുടെ ഔദ്യോഗിക ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സമാധാന ചര്‍ച്ചകള്‍ക്ക് ഫലപ്രാപ്തിയുണ്ടാകാത്തതിന് പാശ്ചാത്യ രാജ്യങ്ങളെ ലവ്‌റോവ് കുറ്റപ്പെടുത്തി. യുക്രൈന്‍ നഗരമായ ബുച്ചയിലടക്കം റഷ്യന്‍ സൈനികര്‍ യുദ്ധകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സമാധാന ചര്‍ച്ചകളെ അട്ടിമറിക്കാനാണ് പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നേരത്തെ ബലാറസില്‍ വെച്ച് സമാധാന ചര്‍ച്ചകള്‍ നടന്ന ഘട്ടത്തില്‍ യുക്രൈനിലെ സൈനിക നീക്കം നിര്‍ത്തിവെക്കാന്‍ പ്രസിഡന്റ് പുതിന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ ആ നിലപാടില്‍ മാറ്റംവന്നിട്ടുണ്ടെന്നും ലവ്‌റോവ് പറഞ്ഞു. ചര്‍ച്ചകളില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ഇനി സൈനികനടപടികള്‍ നിര്‍ത്തിവെക്കില്ലെന്നും ലവ്‌റോവ് വ്യക്തമാക്കി.
മാര്‍ച്ച് 29-ന് തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചയില്‍ യുക്രൈന്‍ പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍നിന്ന് പിന്നീട് പിന്‍മാറിയതായി ലവ്‌റോവ് നേരത്തെ ആരോപിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈന് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യുക്രൈനിലെ മികോലെവ്, ഹാര്‍കിവ്, നിപ്രോ പ്രവിശ്യകളില്‍ ഞായറാഴ്ച മിസൈല്‍ ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കി യുക്രൈനിന്റെയും വിദേശരാജ്യങ്ങളുടെയും സൈനിക സംവിധാനങ്ങളാണ് ലക്ഷ്യമിട്ടതെന്ന് മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു.
ആക്രമണത്തില്‍ നിപ്രോ വിമാനത്താവളം പൂര്‍ണമായും തകര്‍ന്നു. റഷ്യ മിസൈല്‍ ആക്രമണം തുടരുകയാണെന്ന് യുക്രൈന്‍ സംഘം പ്രതികരിച്ചു. റഷ്യയുടെ അധിനിവേശം യുക്രൈനില്‍ ഒതുങ്ങില്ലെന്നും യൂറോപ്പ് മുഴുവനായും പുതിന്‍ ലക്ഷ്യമിടുന്നുണ്ടെന്നും പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു പ്രതികരണം.
Content Highlights: Won't halt military operation in Ukraine for peace talks: Russian FM Lavrov
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..