ലണ്ടന്‍: തന്നെ പ്രസവിക്കാന്‍ അമ്മയെ അനുവദിച്ചതിന് അമ്മയുടെ ഡോക്ടറെ കോടതികയറ്റി കോടികളുടെ നഷ്ടപരിഹാരം സ്വന്തമാക്കി യുവതി. യു.കെയിലാണ് സംഭവം. നട്ടെല്ലിനെ ബാധിക്കുന്ന 'സ്‌പൈന ബിഫിഡ' എന്ന ആരോഗ്യ പ്രശ്‌നമുള്ള 20 വയസ്സുകാരി എവി ടൂംബ്‌സാണ് അമ്മയുടെ ഡോക്ടറെ കോടതി കയറ്റിയത്. 'ശരീരത്തില്‍ ട്യൂബുകള്‍ ഘടിപ്പിച്ചാണ് ജീവിക്കുന്നത്. തന്റെ അമ്മയ്ക്ക് അവരുടെ ഡോക്ടര്‍ ശരിയായ ഉപദേശം നല്‍കിയിരുന്നെങ്കില്‍ താന്‍ ജനിക്കില്ലായിരുന്നു. ഇത്തരമൊരു ജീവിതം ജീവിക്കേണ്ടി വരില്ലായിരുന്നു' - എവി ടൂംബ്‌സ് പറയുന്നു. 

തനിക്ക് ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിക്കേണ്ട ആവശ്യമില്ലെന്നും മറ്റു പ്രശ്‌നങ്ങളൊന്നും ഗര്‍ഭധാരണത്തില്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ പറഞ്ഞതായി എവിയുടെ വാദത്തെ പിന്തുണച്ച് എവിയുടെ അമ്മ കോടതിയെ അറിയിച്ചു.

എവിയുടെ വാദത്തെ  ലണ്ടന്‍ ഹൈക്കോടതിയിലെ ജഡ്ജി റോസലിന്‍ഡ് കോ ക്യുസി പിന്തുണച്ചു. അമ്മയെ ഡോക്ടര്‍ ശരിയായി ഉപദേശിച്ചിരുന്നെങ്കില്‍ ഗര്‍ഭധാരണം വൈകുമായിരുന്നുവെന്ന് ജഡ്ജി വിധിച്ചു.

'സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വൈകിയുള്ള ഒരു ഗര്‍ഭധാരണം ഉണ്ടാകുമായിരുന്നുവെന്നാണ് മനസിലാകുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഒരു സാധാരണ ആരോഗ്യമുള്ള കുട്ടിക്ക് ജന്മം നല്‍കാന്‍ അമ്മയ്ക്ക് സാധിക്കുമായിരുന്നു' -  ജഡ്ജി വിധിച്ചു, ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടപരിഹാരത്തിന് എവി അര്‍ഹയാക്കുന്നതാണ് വിധി.

എവി ഒരു അശ്വാഭ്യാസിയാണ് (ഷോജമ്പര്‍) ഭിന്നശേഷിക്കാരും മികച്ച ശാരീരികക്ഷമതയുള്ളവരുമായ റൈഡര്‍മാര്‍ക്കെതിരെ എവി പല ഇവന്റുകളിലും മത്സരിച്ചിട്ടുണ്ട്.

Content Highlights: women sued mothers doctor for allowing her to be born and won millions