സ്ത്രീസ്വാതന്ത്ര്യം ഉദ്ഘോഷിച്ചുകൊണ്ട് കാബൂളിലെ തെരുവിൽ പ്രത്യക്ഷപ്പെട്ട ചുമർചിത്രം | Photo : AFP
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് വ്യക്തമാക്കി താലിബാന് ഭരണകൂടം. രാജ്യവ്യാപകമായി പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലാവിദ്യാഭ്യാസം നിഷേധിക്കുകയും സ്ത്രീകള്‍ സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പരിഗണന നല്കാന് ഒരുക്കമല്ലെന്ന് താലിബാന് വ്യക്തമാക്കിയത്.
ഇസ്ലാമിക നിയമം ലംഘിക്കുന്ന ഒരു പ്രവര്‍ത്തനത്തിനും അനുമതി നല്‍കില്ലെന്ന് വക്താവ് സബിയുള്ള മുജാഹിദ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. സ്ത്രീകളുടെ അവകാശലംഘനം സംബന്ധിച്ചുയര്‍ന്നിട്ടുള്ള ആശങ്കകള്‍ താലിബാന് ഭരണകൂടം നടപ്പാക്കിയിരിക്കുന്ന നിയമത്തിന് അനുസൃതമായി കൈകാര്യം ചെയ്യും. ഇസ്ലാമിക മതനിയമങ്ങള്‍ അനുസരിച്ചാണ് താലിബാന് ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നും ആ നിയമങ്ങള്‍ക്കെതിരെയുള്ള ഒരു പ്രവൃത്തിയും ഭരണകൂടം അനുവദിക്കില്ലെന്നും സബിയുള്ള മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു.
സ്ത്രീകള്‍ സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിയ താലിബാന് നടപടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കും ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കണമെന്നും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യവും സ്ത്രീകള്‍ക്ക് സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കണമെന്നും യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്, യുഎന്‍, ഒഐസി, മറ്റ് അന്താരാഷ്ട്ര സംഘടനകള്‍ തുടങ്ങിയവ താലിബാന് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.
പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ 500 ദശലക്ഷം യുഎസ് ഡോളറാണ് കഴിഞ്ഞ 12 മാസങ്ങളിലായി അഫ്ഗാനിസ്ഥാന് നഷ്ടമായതെന്ന് ഓഗസ്റ്റില്‍ യുണിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിലെ മതപരമായ നിബന്ധനകള്‍ മനസിലാക്കി, മാനുഷികപരിഗണന മുന്‍നിര്‍ത്തി ധനസഹായം നിര്‍ത്തരുതെന്നും അന്താരാഷ്ട്ര സംഘടനകളോടും പങ്കാളിത്ത രാഷ്ട്രങ്ങളോടും സബിയുള്ള മുജാഹിദ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കി അവര്‍ക്ക് പൊതുജീവിതം അനുവദിക്കണമെന്ന് ജനുവരി പതിമൂന്നിന് പതിനൊന്ന് രാജ്യങ്ങള്‍ താലിബാന് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ, സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി, സഞ്ചാരം തുടങ്ങിയ വിഷയങ്ങളില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ ലഘൂകരിക്കാന്‍ താലിബാന് ഇതുവരെ തയ്യാറായിട്ടില്ല.
ഇസ്ലാം മതനിയമങ്ങള്‍ അനുസരിച്ചാണ് സ്ത്രീകളോടും പെണ്‍കുട്ടികളോടും ഈ വിധത്തില്‍ പെരുമാറുന്നതെന്നുള്ള അവകാശവാദത്തെ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ (ഒഐസി) പാടേ തള്ളിയിരുന്നു. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ സംഘടനയാണ് ഒഐസി. ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കണമെന്നും വിദ്യാഭ്യാസത്തിനും ജോലി തേടുന്നതിനും പൊതുജീവിതം നയിക്കുന്നതിനുമുള്ള മൗലികാവകാശങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ വിലക്കുകളും നീക്കണമെന്നും ഒഐസി താലിബാനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Women's Rights, Not Priority, Taliban Spokesperson, Afghanistan, Education Ban
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..