തൊഴിലും വിദ്യാഭ്യാസവും നിഷേധിക്കപ്പെടും; താലിബാന്റെ നിറതോക്കുകള്‍ക്കുമുന്നില്‍ വനിതകളുടെ പ്രക്ഷോഭം


2 min read
Read later
Print
Share

താലിബാന്‍ നേതൃത്വത്തിനെതിരെയുള്ള അസാധാരണമായ ഒരു പൊതുവെല്ലുവിളിയായാണ് ഈ സംഭവങ്ങളെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുന്നുന്നത്

താലിബാനെതിരെ കാബൂളിൽ അരങ്ങേറിയ സ്ത്രീകളുടെ പ്രതിഷേധത്തിൽ നിന്ന് | ചിത്രം: AFP

താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനിതാ സാമൂഹ്യപ്രവര്‍ത്തകര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ലിംഗപരമായ സമത്വത്തിനുവേണ്ടിയും പുതിയ സര്‍ക്കാരില്‍ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ടുമാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇവര്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

പ്രതിഷേധം തടയാന്‍ താലിബാന്‍ സേന ഇവര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച പ്രതിഷേധം അക്രമാസക്തമായിരുന്നു. നേരത്തെ ഹെറാത്ത് നഗരത്തിലും സമാനമായ പ്രതിഷേധം അരങ്ങേറിയിരുന്നു.

ആയുധങ്ങളുമായി താലിബാന്‍ സേന തെരുവുകളില്‍ ഭീതിനിറയ്ക്കുമ്പോള്‍ ഒരു സംഘം സ്ത്രീകള്‍ തെരുവിലേക്കിറങ്ങി പ്രക്ഷോഭം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് അപ്രതീക്ഷിതമായ നീക്കമായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുന്നുന്നത്.

അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന ഘട്ടത്തില്‍ തന്നെ ജോലി ചെയ്യുന്ന സ്ത്രീകള്‍ വീട്ടില്‍ തന്നെ തുടരണമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്ത്രീകളെ അടിച്ചമര്‍ത്തിയും അവരുടെ സ്വാതന്ത്ര്യവും അടിസ്ഥാന അവകാശങ്ങളും ഹനിച്ചുകൊണ്ടുമുള്ള മുന്‍ ഭരണരീതിതന്നെയായിരിക്കും അവര്‍ തുടരുക എന്നാണ് വീണ്ടും അധികാരത്തിലേക്ക് വരുമ്പോള്‍ താലിബാന്‍ നല്‍കുന്ന സൂചന.

സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കുമെന്നും വിദ്യാഭ്യാസം നേടാന്‍ അനുവദിക്കുമെന്നും താലിബാന്‍ നേതാക്കള്‍ ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ മാധ്യമപ്രവർത്തകർ അടക്കമുള്ള സ്ത്രീകളെ താലിബാന്‍ ജോലിയില്‍നിന്ന് വിലക്കുന്നതും സ്ത്രീ അവകാശ പ്രവർത്തകർക്കെതിരേ വധഭീഷണി മുഴക്കുന്നതുമാണ് പിന്നീട് കണ്ടത്. പല വനിതാ മാധ്യമപ്രവർത്തകരും ജീവന്‍ രക്ഷിക്കാന്‍ രാജ്യംവിട്ടതും വാർത്തയായിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പുള്ള താലിബാന്‍ ഭരണത്തിന്റെ കടുത്ത നിലപാടുകളിലേക്കുതന്നെയാണ് താലിബാന്‍ തിരികെ പോകുന്നതെന്ന സൂചനയാണ് ഇവയൊക്കെ നല്‍കുന്നത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ പൊതുമണ്ഡലത്തില്‍നിന്ന് സ്ത്രീകള്‍ ഏറെക്കുറെ ഉള്‍വലിഞ്ഞു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. സ്ത്രീകള്‍ എല്ലാവരും പൊതുജീവിതത്തില്‍ നിന്ന് അപ്രത്യക്ഷരായി. ഒട്ടുമിക്ക അഫ്ഗാന്‍ സ്ത്രീകളും അവരുടെ സുരക്ഷയെ ഭയന്ന് വീട്ടില്‍ തന്നെ കഴിയുകയാണ്. ചില കുടുംബങ്ങള്‍ സ്ത്രീകള്‍ക്കായി ബുര്‍ഖകള്‍ വാങ്ങുന്ന തിരക്കിലാണ്. ഈ സാഹചര്യത്തിലാണ് എണ്ണത്തില്‍ കുറവെങ്കിലും, കരുത്തരായ ഒരുവിഭാഗം സ്ത്രീകള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.

അഫ്ഗാനിസ്താനിലെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ സ്ത്രീകള്‍ സമാനമായ രീതിയില്‍ പ്രകടനം നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് കാബൂളിലെ പ്രകടനം എന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുവരുമെന്ന് തന്നെയാണ് ഇത് നല്‍കുന്ന സൂചന. സ്ത്രീകളുടെ പിന്തുണയില്ലാതെ ഒരു സര്‍ക്കാരിനും ദീര്‍ഘകാലം നിലനില്‍ക്കാനാകില്ലെന്ന മൂദ്രാവാക്യമുയര്‍ത്തിയാണ് ഇവരുടെ പ്രതിഷേധങ്ങള്‍. താലിബാന്‍ ഭരണത്തിന്റെ കീഴില്‍ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ഭീതി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്. നേരിട്ടുള്ള ഭീഷണി കാരണം താന്‍ ഹെറാത്ത് പ്രകടനത്തില്‍ പങ്കെടുത്തില്ലെന്ന് ഒരു പ്രമുഖ അഫ്ഗാന്‍ പൊതു പ്രവര്‍ത്തക പറഞ്ഞിരുന്നു.

എന്നാല്‍ സ്ത്രീകള്‍ക്ക് 'അത്യാവശ്യം സ്വാതന്ത്ര്യം നല്‍കുന്ന' പുതിയ താലിബാനാണ് തങ്ങളെന്നാണ് താലിബാന്റെ വാദം. സ്ത്രീകളോട് വീട്ടില്‍ തുടരാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം താല്‍ക്കാലികമാണെന്നും സ്ത്രീകളോട് ആരും അനാദരവോടെ പെരുമാറുന്നില്ലെന്നും സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനുള്ള വഴികള്‍ കണ്ടെത്താന്‍ ഗ്രൂപ്പിന് സമയം അനുവദിക്കുമെന്നും താലിബാന്‍ വക്താവ് സാബിയുള്ള മുജാഹിദ് പറഞ്ഞിരുന്നു.

മുന്‍പ് അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ കൈയ്യടക്കിയിരുന്ന കാലത്തും സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഏറ്റവും വലിയ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായത്. അവര്‍ അധികാരത്തിലിരുന്ന 1996-2001 കാലത്ത് നടപ്പിലാക്കിയ നിയമങ്ങളൊക്കെ തിരിച്ചുവരുമെന്ന ഭീതിയാണ് ഇന്നും അവിടുത്തെ ജനങ്ങള്‍ക്കുള്ളത്. അന്ന് സ്ത്രീകള്‍ക്ക് ജോലിയില്‍നിന്നും വിദ്യാഭ്യാസത്തില്‍നിന്നും താലിബാന്‍ വിലക്കേർപ്പെടുത്തിയിരുന്നു. വീടിന് പുറത്തിറങ്ങണമെങ്കില്‍ ശരീരമാകസകലം മൂടുന്ന വസ്ത്രം ധരിക്കണം, കുടുംബത്തിലെ പുരുഷ അംഗത്തിനൊപ്പമേ പുറത്തിറങ്ങാന്‍ പാടുള്ളൂ തുടങ്ങിയ നിബന്ധനകളും അടിച്ചേല്‍പ്പിച്ചിരുന്നു.

നിറതോക്കുകള്‍ക്കു മുന്നില്‍ അഫ്ഗാനിലെ സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ലോക മാധ്യമങ്ങളില്‍ വലിയ വാർത്തയാവുകയാണ്. ലിംഗസമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടമായാണ് അത് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ താലിബാന്‍റെ കാട്ടുനീതിക്കു മുന്നില്‍ ആ പ്രതിഷേധങ്ങള്‍ക്ക് എത്ര ആയുസ്സുണ്ടാകുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.

Content highlights: Women protests rises in afghanistan over taliban's women oppression policies

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FUKUSHIMA
Premium

8 min

തൊണ്ടയിൽ കുടുങ്ങി 'ആണവമത്സ്യം'; ചൈനീസ് ചെക്കിൽ കാലിടറുമോ ജപ്പാന്?

Sep 7, 2023


Mufti Qaiser Farooq

1 min

ലഷ്‌കര്‍ ഭീകരന്‍ ഖൈസര്‍ ഫാറൂഖി കറാച്ചിയില്‍ കൊല്ലപ്പെട്ടു

Oct 1, 2023


pakistan

1 min

പാകിസ്താനിൽ നബിദിന റാലിയ്ക്കിടെ സ്ഫോടനം; 52 മരണം, 50 പേർക്ക് പരിക്ക്

Sep 29, 2023

Most Commented