സ്ത്രീകള്‍ അപ്രത്യക്ഷരായി, വീടിനുള്ളില്‍ അടയ്ക്കപ്പെട്ടു; അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് സംഭവിക്കുന്നത്


2 min read
Read later
Print
Share

അഫ്ഗാനിലെ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാരീസിൽ ബുർഖ ധരിച്ച സ്ത്രീ പ്രതിഷേധിക്കുന്നു | ഫോട്ടോ എ.പി.

കാബൂള്‍: അഫ്ഗാന്റെ നിയന്ത്രണം പിടിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും താലിബാന്‍ അവരുടെ തനിനിറം കാട്ടിത്തുടങ്ങിയെന്നാണ് അഫ്ഗാനില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. സ്ത്രീകളെ അടിച്ചമര്‍ത്തിയും അവരുടെ സ്വാതന്ത്ര്യവും അടിസ്ഥാന അവകാശങ്ങളും ഹനിച്ചുകൊണ്ടുമുള്ള മുന്‍ ഭരണരീതിതന്നെയായിരിക്കും അവര്‍ തുടരുക എന്നാണ് കരുതേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ പൊതുമണ്ഡലത്തില്‍നിന്ന് സ്ത്രീകള്‍ ഏറെക്കുറെ നിഷ്‌കാസിതരായിക്കഴിഞ്ഞു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.

അഫ്ഗാനില്‍ പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഇപ്പോള്‍ നേരിടേണ്ടിവരുന്ന ഭീഷണികള്‍ വ്യക്തമാക്കുന്നതാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകയായ സമീറ ഹമീദിയുടെ ട്വീറ്റുകള്‍. 'രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ ഇടങ്ങളില്‍നിന്നൊക്കെ സ്ത്രീകള്‍ അപ്രത്യക്ഷരായിക്കഴിഞ്ഞു. സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സന്നദ്ധ സംഘടനകളുടെ ഓഫീസുകള്‍ പരിശോധിക്കുകയും പ്രവര്‍ത്തകരെ ചോദ്യംചെയ്യുകയുമാണ്. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശവും ലഭിച്ചുകഴിഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട സ്ത്രീ അവകാശ പ്രവര്‍ത്തകര്‍ക്കൊക്കെ ഫോണിലൂടെയും മെസ്സേജുകളിലൂടെയും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ഭീഷണികള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്', സമീറ ഹമീദി പറയുന്നു.

മുന്‍പ് അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ കൈയ്യടക്കിയിരുന്ന കാലത്തും സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഏറ്റവും വലിയ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായത്. അവര്‍ അധികാരത്തിലിരുന്ന 1996-2001 കാലത്ത് നടപ്പിലാക്കിയ കരാള നിയമങ്ങളൊക്കെ തിരിച്ചുവരുമെന്ന ഭീതിയാണ് ജനങ്ങള്‍ക്കുള്ളത്. ശരിഅത്ത് നിയമം എന്ന പേരില്‍ സ്ത്രീകള്‍ക്ക് ജോലിയും വിദ്യാഭ്യാസവും നിർബന്ധപൂർവം നിഷേധിക്കുകയാണ് അന്നുണ്ടായത്. വീടിന് പുറത്തിറങ്ങണമെങ്കില്‍ ശരീരമാകസകലം മൂടുന്ന വസ്ത്രം ധരിക്കണം. കുടുംബത്തിലെ പുരുഷ അംഗത്തിനൊപ്പമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. നിയമം ലംഘിക്കപ്പെട്ടാല്‍ താലിബാന്‍ പോലീസിന്റെ കടുത്ത മര്‍ദ്ദനമുറകള്‍ക്ക് ഇരയാകേണ്ടിവരും.

Afghanistan
അഫ്ഗാന്റെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തപ്പോള്‍ | ഫോട്ടോ: എപി

ഇത്തവണ അധികാരം പിടിച്ച ശേഷം സ്ത്രീകളോടുള്ള സമീപനത്തില്‍ മാറ്റംവരുത്തുമെന്നും മതം അനുശാസിക്കുന്ന സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് നല്‍കുമെന്നും താലിബാന്‍ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇസ്ലാം അനുവദിക്കുന്ന വിധത്തില്‍ ജോലിക്കും വിദ്യാഭ്യാസത്തിനും സ്ത്രീകള്‍ക്ക് അവസരമുണ്ടാകുമെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ കാര്യങ്ങളില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് അഫ്ഗാനില്‍നിന്ന് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

'സ്ത്രീകള്‍ വീട്ടിനുള്ളില്‍ത്തന്നെ കഴിയാനാണ് താലിബാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്ത്രീകളെ വേണ്ടവിധത്തില്‍ ബഹുമാനിക്കുന്നതിനുള്ള പരിശീലനം തങ്ങളുടെ സംഘാംഗങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന മുന്നറിയിപ്പും അവര്‍ സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്. ഓഫീസുകള്‍, ബാങ്കുകള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളോടെല്ലാം പുറത്തിറങ്ങരുതെന്നും വീടുകളില്‍ കഴിയാനും നിര്‍ദേശിച്ചുകഴിഞ്ഞു', സമീറ ഹമീദി പറയുന്നു.

രാജ്യത്തെ നിരവധി പ്രമുഖ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ താക്കീത് ലഭിച്ചിട്ടുണ്ട്. ജോലിസ്ഥലത്ത് എത്തുന്നതും ജോലി ചെയ്യുന്നതും വിലക്കിയതായി ചില മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജോലിക്കെത്തിയ തനിക്ക് ഓഫീസിനുള്ളില്‍ പ്രവേശിക്കാന്‍ സാധിച്ചില്ലെന്ന് അഫ്ഗാനിലെ പ്രമുഖ മാധ്യമമായ ആര്‍.ടി.എ (റേഡിയോ ടെലിവിഷന്‍ അഫ്ഗാനിസ്താന്‍) യിലെ മാധ്യമപ്രവര്‍ത്തകയായ ഷബ്‌നം ഖാന്‍ ദവ്രാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

'ഇനിയങ്ങോട്ട് നടക്കുന്ന ഭരണപരമായ എല്ലാ ആലോചനകളില്‍നിന്നും സ്ത്രീകള്‍ തുടച്ചുനീക്കപ്പെടുകയാണ്. സ്‌കൂളുകളിലും സര്‍വകലാശാലകളിലുമെല്ലാം ലിംഗപരമായ വേര്‍തിരിവുകളോടെയുള്ള പഠനമാണ് നടക്കുക. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും പങ്കാളിത്തമുള്ളതായി താലിബാന്‍ കരുതുന്നില്ല. രാജ്യത്തെ പ്രമുഖരായ വനിതാ പൊതുപ്രവര്‍ത്തകരൊക്കെ ഭീതിയിലാണ് കഴിയുന്നത്. പലരുടെയും ജീവന് ഭീഷണിയുണ്ട്', സമീറ ഹമീദി ചൂണ്ടിക്കാട്ടുന്നു.

താലിബാന്റെ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്ന് അഫ്ഗാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന പഷ്താന ദുരാനി പറയുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ഇടപെടാനുള്ള താലിബാന്റെ ശ്രമം ചെറുക്കാന്‍ തന്നെയാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 'പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചാല്‍ ഓണ്‍ലൈന്‍ ലൈബ്രറികളിലൂടെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും. ഇന്റര്‍നെറ്റ് വിച്ഛേദിച്ചാല്‍ വീടുകളില്‍ പുസ്തകങ്ങളെത്തിക്കും. അതും തടഞ്ഞാല്‍ രഹസ്യമായി വിദ്യാലയങ്ങള്‍ ആരംഭിക്കും', പഷ്താന ദുരാനി പറയുന്നു.

കടപ്പാട്: റോയിട്ടേഴ്‌സ്, ട്വിറ്റര്‍

Content Highlights: Women have disappeared- life of women in afghanistan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FUKUSHIMA
Premium

8 min

തൊണ്ടയിൽ കുടുങ്ങി 'ആണവമത്സ്യം'; ചൈനീസ് ചെക്കിൽ കാലിടറുമോ ജപ്പാന്?

Sep 7, 2023


Li Shangfu amd Qin Gang
Premium

8 min

ഒരാള്‍ക്ക് വിവാഹേതരബന്ധം, മറ്റൊരാള്‍ അഴിമതി കേസില്‍; ചൈനയില്‍ മന്ത്രിമാര്‍ അപ്രത്യക്ഷരാകുമ്പോള്‍

Sep 24, 2023


Stop Indian High Commissioner

യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഖലിസ്താന്‍ തീവ്രവാദികള്‍ തടഞ്ഞു

Sep 30, 2023

Most Commented