തായ്‌ലന്‍ഡ്: ബഹുനില പാര്‍പ്പിട സമുച്ചയത്തിന്റെ 26-ാം നിലയുടെ മുകളില്‍നിന്ന് രണ്ട് പെയിന്റിങ് ജോലിക്കാരെ താഴെ വീഴ്ത്താന്‍ യുവതിയുടെ ശ്രമം. പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാരിയാണ് രണ്ടുപേരെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ രണ്ടുപേരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തായ്‌ലന്‍ഡിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

തന്റെ അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ ജോലി ചെയ്യുന്നതിനെപ്പറ്റി നേരത്തെ അറിയിക്കാത്തതിലുള്ള അരിശം മൂലമാണ് അവര്‍ കയര്‍ മുറിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  ഭാഗ്യവശാല്‍ ഇത്  സമുച്ചയത്തിലെ തന്നെ താമസക്കാരായ ഒരു ദമ്പതികള്‍ കാണുകയും ഇവരെ രക്ഷപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

സംഭവത്തെത്തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയും കൊലപാതകശ്രമത്തിന് കേസെടുക്കുകയും ചെയ്തതായി പാക് ക്രേറ്റ് പോലീസ് മേധാവി കേണല്‍ പോങ്ജാക് പ്രീചകരുന്‍പോംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം ആരോപണം നിഷേധിച്ച യുവതി പിന്നീട് പോലീസ് വിരളടയാളമടക്കമുള്ള വിശദമായ തെളിവുകളോടെ ചോദ്യം ചെയ്തപ്പോളാണ് കുറ്റം സമ്മതിച്ചത്. 

കെട്ടിടത്തിന്റെ 32-ാം നിലയില്‍ നിന്ന് തൊഴിലാളികള്‍ ഇറങ്ങുന്നതിനിടെയാണ് 26-ാം നിലയില്‍വെച്ച് യുവതി കയര്‍ മുറിക്കുന്നത്. കയര്‍ മുറിക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്താണെന്ന് പാക് ക്രേറ്റ് പോലീസ് മേധാവി വ്യക്തമാക്കിയില്ല. എന്നാല്‍ അവരുടെ അപ്പാര്‍ട്ട്‌മെന്റിന് പുറത്തുള്ള ജോലിയില്‍ അവര്‍ അസ്വസ്ഥയായിരുന്നെന്നും അതിനാലാണ് യുവതി കൃത്യം ചെയ്തതെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Content highlights: Women cuts safety rope of painting workers on 26th floor, workers rescued; video viral