കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സ്ത്രീവിരുദ്ധ പരാമർശവുമായി താലിബാൻ വക്താവ്. സ്ത്രീകൾ പ്രവസിക്കാനുള്ളവരാണെന്നും അവർ മന്ത്രിമാർ ആകേണ്ടവരല്ലെന്നുമായിരുന്നു താലിബാൻ വക്താവ് സയീദ് സക്കീറുള്ള ഹാഷ്മി പറഞ്ഞത്. 

ടോളോ ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താലിബാൻ വക്താവിന്റെ സ്ത്രീവിരുദ്ധ പരാമർശം.

സ്ത്രീകൾക്ക് ഒരിക്കലും മന്ത്രിമാരാകാൻ സധിക്കില്ല, അത്തരത്തിൽ ഒരു ഭാരം അവരുടെ ചുമലിൽ വെച്ചു കൊടുക്കാൻ സാധിക്കില്ല. ആ ആഭാരം അവർക്ക് താങ്ങാൻ സാധിക്കില്ല. സ്ത്രീകൾ മന്ത്രിസഭയിൽ ഉണ്ടാവുക എന്നത് അടിസ്ഥാനപരമായ കാര്യമല്ല, അവർ പ്രസവിക്കാനുള്ളവരാണ്. നിലവിൽ അഫ്ഗാനിസ്താനിൽ പ്രതിഷേധം നടത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗം പേരും അഫ്ഗാൻ സ്ത്രീകളല്ല. അഭിമുഖത്തിൽ ഹാഷ്മി പറഞ്ഞു.

നേരത്തെ താലിബാൻ മന്ത്രിസഭയിലെ സ്ത്രീ പ്രാധിനിധ്യമില്ലായ്മയെ ചൂണ്ടിക്കാട്ടി പല കോണിൽ നിന്നും ചർച്ചകൾ ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കടുത്ത നിർദ്ദേശങ്ങളോടെ പെൺകുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടി താലിബാൻ മാറ്റത്തിന്റെ പാതയിലാണ് എന്ന് പല കോണിൽ നിന്നും വാദങ്ങളുയർന്നിരുന്നു. എന്നാൽ സ്ത്രീവിരുദ്ധ കാര്യങ്ങളിൽ ഇപ്പോഴും താലിബാന്റെ നിലപാട് മാറിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ടോളോ ന്യൂസ് അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.

നേരത്തെ താലിബാൻ വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞതും വൻ തോതിൽ ചർച്ച ആയിരുന്നു. എന്ത് പി.ജിയും പിഎച്ച്ഡിയും, ഞങ്ങൾ മഹാന്മാരായത് സ്കൂളിൽ പോയിട്ടോ? എന്നായിരുന്നു താലിബാൻ വിദ്യാഭ്യാസമന്ത്രി ഷെയ്ഖ് മൊല്‍വി നൂറുല്ലാ മുനീർ പറഞ്ഞത്. ഇതും താലിബാന്റെ നിലപാടുകളിൽ മാറ്റം സംഭവിച്ചിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണങ്ങളായി സോഷ്യൽ മീഡിയ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ടോളോ ന്യൂസ് അഭിമുഖത്തിൽ താലിബാൻ വക്താവിന്റെ സ്ത്രീ വിരുദ്ധ പരാമർശം.

സ്ത്രീകൾ സമൂഹത്തിന്റെ പകുതിയാണെന്ന് അഭിമുഖം നടത്തുന്നയാൾ ചൂണ്ടിക്കാട്ടി. 

എന്നാൽ സ്ത്രീകളെ ഒരിക്കലും തങ്ങളുടെ പകുതിയായി കാണുന്നില്ല എന്നായിരുന്നു താലിബാൻ വക്താവിന്റെ പരാമർശം. 

ഏത് തരത്തിലുള്ള പകുതിയാണ്. സ്ത്രീകൾ പകുതിയാണ് എന്നത് ഇവിടെ തെറ്റായാണ് നിർവ്വചിച്ചിരിക്കുന്നത്. പകുതി എന്നത് അവരെ മന്ത്രി സഭയിൽ എടുക്കുന്നതാണോ പകുതി എന്ന് ഉദ്ദേശിച്ചത്. അവളുടെ അവകാശങ്ങൾ ലംഘിക്കുക എന്നത് വിഷയമേയല്ല. കഴിഞ്ഞ 20 വർഷത്തോളമായി യുഎസും പാവ സർക്കാരായ അഫ്ഗാനും മാധ്യമങ്ങളു ഓഫീസുകളിൽ വ്യഭിചാരം നടത്തുകയായിരുന്നു.

Taliban
പ്രതീകാത്മക ചിത്രം | Photo: AFP

വനിതകൾ വ്യഭിചരിക്കുന്നവരാണെന്ന് പറയരുതെന്ന് താലിബാൻ വക്താവിനോട് അഭിമുഖം നടത്തുന്നയാൾ ആവശ്യപ്പെട്ടു.

എന്നാൽ എല്ലാ അഫ്ഗാൻ വനിതകളും അങ്ങനെ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അഫ്ഗാൻ തെരുവിൽ പ്രതിഷേധിക്കുന്ന നാല് വനിതകളെക്കുറിച്ചാണ് പറഞ്ഞത്. അവർ അഫ്ഗാൻ സ്ത്രീകളുടെ പ്രതിനിധികളല്ല. അഫ്ഗാനിലെ സ്ത്രീകൾ അഫ്ഗാൻ പൌരന്മാരെ പ്രസവിക്കുകയും അവർക്ക് വേണ്ട ഇസ്ലാമിക മൂല്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നവരാണെന്ന് സയീദ് സക്കീറുള്ള ഹാഷ്മി പറഞ്ഞു.

content higlights: Women can't be ministers, they should give birth - Taliban spokesperson