കേപ് ടൗണ്‍: എച്ച്‌ഐവി ബാധിതയായ ദക്ഷിണാഫ്രിക്കന്‍ യുവതിയില്‍ കോവിഡ്-19 ന് കാരണമായ കൊറോണവൈറസിന് അപകടകരമായ നിരവധി വകഭേദങ്ങള്‍ ഉണ്ടായതായി ഗവേഷകസംഘത്തിന്റെ കണ്ടെത്തല്‍. 216 ദിവസത്തോളം വൈറസ് സാന്നിധ്യം നിലനിന്ന 36 കാരിയില്‍ കോവിഡ് വൈറസിന് മുപ്പതിലധികം വ്യതിയാനങ്ങള്‍ സംഭവിച്ചതായി മെഡ്ആര്‍ക്കൈവ്(medRxiv) എന്ന മെഡിക്കല്‍ ജേണലില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

2006 ലാണ് ക്വാസുലു നതാല്‍ സ്വദേശിയായ യുവതിയ്ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് യുവതിയുടെ പ്രതിരോധശേഷി കാലക്രമേണ കുറഞ്ഞുവന്നു. 2020 സെപ്റ്റംബറില്‍ കോവിഡ് ബാധിച്ച യുവതിയില്‍ വൈറസിന്റെ സ്വഭാവത്തിന് മാറ്റം വരുത്തക്ക വിധത്തില്‍ പതിമൂന്ന് വകഭേദങ്ങളും പത്തൊമ്പത് മറ്റ് ജനികതവ്യതിയാനങ്ങളും സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. അപകടശേഷി കൂടിയ വൈറസ് വകഭേദങ്ങളായ E484K,(ആല്‍ഫ വകഭേദത്തില്‍ പെടുന്നത്), N510Y(ബീറ്റ വകഭേദത്തില്‍ പെടുന്നത്)എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നു. 

യുവതിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകര്‍ന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്ന് ഗവേഷകര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നതാല്‍ മേഖലയില്‍ കോവിഡ് വൈറസിന്റെ വിവിധ വകഭേദങ്ങള്‍ കണ്ടെത്തിയതില്‍ യാദൃശ്ചികതയില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഈ പ്രദേശത്ത് പ്രായപൂര്‍ത്തിയായ നാല് പേരില്‍ ഒരാളെങ്കിലും എച്ച്‌ഐവി പോസിറ്റീവാണെന്നതാണ് കാരണം. 

എച്ച്ഐവി ബാധിതര്‍ക്ക് കോവിഡ് പിടിപെടാനുള്ള സാധ്യതയ്ക്കും അത് മൂലം ഗുരുതരപ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയ്ക്കുമുള്ള തെളിവുകള്‍ കുറവാണ്. എങ്കിലും ഗുരുതര എച്ച്ഐവി ബാധിതര്‍ വൈറസ് വകഭേദങ്ങളുടെ ഫാക്ടറിയായി തീരാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളുടെ ശരീരത്തില്‍ കോവിഡ് വൈറസിന് ദീര്‍ഘകാലം തുടരാനാവുമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ജെനിറ്റിസിസ്റ്റ് ട്യുലിയോ ഡി ഒലിവൈറ പറയുന്നു. പഠനം നടത്തിയ യുവതിയില്‍ കോവിഡിന്റെ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമായിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എച്ച്‌ഐവി ബാധിതരെ കണ്ടെത്താനുള്ള പരിശോധന ഊര്‍ജ്ജിതപ്പെടുത്തുന്നത് എച്ച് ഐവി മൂലമുള്ള മരണനിരക്കും രോഗവ്യാപനവും തടയാന്‍ സഹായിക്കുമെന്നും പുതിയ കോവിഡ് വൈറസ്  വകഭേദങ്ങളുണ്ടാവുന്നതും കോവിഡിന്റെ പുതിയതരംഗങ്ങളുണ്ടാകുന്നതും പ്രതിരോധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എച്ച്‌ഐവി ബാധിതരിലെ വൈറസ് വ്യതിയാനം ഏറ്റവുമധികം ബാധിക്കാനിടയാകുന്നത് ഇന്ത്യയിലായിരിക്കുമെന്നും ട്യുലിയോ മുന്നറിയിപ്പ് നല്‍കുന്നു. 

 

 

Content Highlights: Woman with HIV carries Covid-19 infection develops 32 virus mutations inside her body