ഒട്ടാവ: കാനഡയില്‍ സിഖുകാരനോട് തലപ്പാവ് ഊരിമാറ്റാന്‍ ആവശ്യപ്പെട്ടതായി ആരോപണം. തലപ്പാവ് ധരിച്ചതിന്റെ പേരില്‍ കനേഡിയന്‍ ക്ലബ്ബില്‍ വച്ച് തനിക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നതായും ജസ്വീന്ദര്‍ സിങ് ധലൈവാല്‍ പറഞ്ഞതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

റോയല്‍ കനേഡിയന്‍ ലീജിയണ്‍ എന്ന എക്‌സ്-സര്‍വ്വീസ് സംഘടനയുടെ ക്ലബ്ബില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്നപ്പോഴാണ് തലപ്പാവ് ഊരി മാറ്റാന്‍ ജസ്വീന്ദര്‍ സിങ്ങിനോട് ആവശ്യപ്പെട്ടത്. മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് എത്തിയ യുവതി അദ്ദേഹത്തിനു നേരെ രൂക്ഷമായി പ്രതികരിക്കുകയും വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്‌തെന്നാണ് ആരോപണം.

ക്ലബ്ബ് നിയമം അനുസരിച്ച് തൊപ്പി  ധരിച്ചുവരാന്‍ അറുപത് വയസ് കഴിഞ്ഞവര്‍ക്കേ അനുവാദമുള്ളു എന്നാണ് മാനേജ്‌മെന്റ് ജസ്വീന്ദറിനെ അറിയിച്ചത്. ഊരിമാറ്റാത്തപക്ഷം തലപ്പാവ് തട്ടിത്തെറിപ്പിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി.

എന്നാല്‍, നിയമപ്രകാരം മതപരമായ വസ്ത്രങ്ങളെ പരിധിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്ന് ക്ലബ്ബിന്റെ നിയമാവലിയിലുണ്ടെന്ന് ജസ്വീന്ദര്‍ പറഞ്ഞു. സംഭവം ആരോ മൊബൈലില്‍ പകര്‍ത്തി വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതോടെ വിവാദമായിരിക്കുകയാണ്. വിഷയത്തില്‍ ജസ്വീന്ദറിനോട് മാപ്പ് ചോദിക്കുമെന്ന് ക്ലബ് നടത്തിപ്പുകാരായ സംഘടനയുടെ പ്രസിഡന്റ് സ്റ്റീഫന്‍ ഗാലന്റ് പ്രതികരിച്ചു. ജസ്വീന്ദറിന്റെ തലപ്പാവ് മതചിഹ്നമാണെന്ന് തിരിച്ചറിയാഞ്ഞതാവും പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.